കല്ലാറില്‍ നിരന്തരം സംഭവിക്കുന്ന അപകടമരണങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരമാകുന്നു. ഇവിടെ സ്ഥിരംസുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാനും മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാനുമായി ജി.സ്റ്റീഫന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കല്ലാറില്‍ സഞ്ചാരികള്‍ക്ക് അപകടകരമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും. സുരക്ഷിതമായി സഞ്ചാരികള്‍ക്ക് പുഴയിലിറങ്ങാന്‍ കഴിയുന്ന സ്ഥലങ്ങളും കണ്ടെത്തും. കൂടുതല്‍ അപകടകരമാണെന്ന് കണ്ടെത്തുന്ന പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും. മറ്റുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയുമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുക. ഊടു വഴികളിലൂടെ സഞ്ചാരികള്‍ ഇവിടങ്ങളിലേയ്ക്ക് എത്താതിരിക്കാനായി ശക്തമായ ഫെന്‍സിംഗുകളും സ്ഥാപിക്കും.കല്ലാറിനെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
കല്ലാറിലേക്കുള്ള പാതയിലുള്ള ആനപ്പാറ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. ആവശ്യമെങ്കില്‍ ടൂറിസം പോലീസിന്റെ സേവനവും ഏര്‍പ്പെടുത്തും. കല്ലാറില്‍ അപകടത്തില്‍പെടുന്നവരില്‍ ഭൂരിഭാഗവും ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് വേണ്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ചെക്ക്‌പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ സ്ഥാപിക്കാനും ധാരണയായി. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബാബുരാജ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയമോഹന്‍ വി, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. കല്ലാറിലെ അപകടങ്ങളൊഴിവാക്കാന്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ രക്ഷാധികാരിയായും വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും, നെടുമങ്ങാട് ആര്‍.ഡി.ഒ കണ്‍വീനറായും സ്ഥിരം മോണിറ്ററിംഗ് സമിതി നേരത്തെ രൂപീകരിച്ചിരുന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.