വാമനപുരം : വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി വാമനപുരം എക്സൈസ് സംഘം റേഞ്ച് അതിർത്തിയിലെ പ്രദേശങ്ങളിൽ വ്യാപക പരിശോധനകൾക്ക് തുടക്കമിട്ടു. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ റെയ്ഡുകളിൽ ഭരതന്നൂർ അംബേദ്കർ കോളനി കേന്ദ്രീകരിച്ച് അതിരാവിലെ മുതൽ തന്നെ മദ്യക്കച്ചവടം നടത്തിവന്ന പാലോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 29 ൽ താമസിക്കുന്ന മല്ലികയെ (63) അറസ്റ്റ് ചെയ്തു കേസെടുത്തു. പ്രതിയിൽ നിന്നും 3.8 ലിറ്റർ മദ്യം 300 രൂപ എന്നിവ പിടിച്ചെടുത്തു. ഭരതന്നൂർ കോളനിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയിൽ വിദേശമദ്യ വിൽപ്പന നടന്നു വരുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശങ്ങളിൽ എക്സൈസിന്റെ പ്രത്യേക നിരീക്ഷണം നടന്നു വരുന്നതിനിടയിലാണ് മദ്യവിൽപ്പന നടത്തവെ പ്രതി പിടിയിൽ ആവുന്നത്. എക്സൈസ് സംഘത്തെ കണ്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഒഴിക്കാൻ ശ്രമിച്ച പ്രതിയെ തന്ത്രപരമായി വനിത സിവിൽ എക്സൈസ് ഓഫീസർമാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
രാവിലെ നടത്തിയ മറ്റൊരു പരിശോധനയിൽ ഭരതന്നൂർ എൽ.പി സ്കൂളിന് സമീപം ഉള്ള കടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൽപ്പന നടത്തിയ കുറ്റത്തിന് ജമീല എന്ന സ്ത്രീയുടെ പേരിൽ കോട്പ നിയമപ്രകാരം കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ ഉണ്ടാകുമെന്നും, വാമനപുരം റെയിഞ്ച് പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും മറ്റുമുള്ള പരാതികൾ 940069421, 0472-2837505 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ,ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ,ഹാഷിം, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ദീപ്തി, ബിസ്മി എന്നിവർ പങ്കെടുത്തു.