കടയ്ക്കാവൂർ : കടയ്ക്കാവൂർ, തൊപ്പിച്ചന്ത, വക്കം ഭാഗങ്ങളിൽ മോഷണ പരമ്പര നടത്തിയ മൂവർ സംഘം അറസ്റ്റിൽ. മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്. തൊപ്പിച്ചന്തയിൽ നിന്നും ജൂൺ 20ന് രാത്രി ഒരു ഓട്ടോറിക്ഷ മോഷ്ടിച്ച സംഘം, അതുമായി തൊപ്പിച്ചന്ത മാടൻനട ശിവ ക്ഷേത്രത്തിൻറെ കാണിക്കവഞ്ചി പൊട്ടിച്ച് മൂവായിരം രൂപയോളം കവർച്ചചെയ്ത്, അത് തോർത്തിൽ കെട്ടി ഒരു ഒഴിഞ്ഞ വീടിൻറെ മതിൽക്കെട്ടിനുള്ളിൽ ഒളിപ്പിച്ച ശേഷം തൊപ്പിച്ചന്തയിലെ ഒരു ഹോട്ടലിന്റെ വാതിൽ കുത്തിപ്പൊളിച്ച് മേശയിൽ നിന്നും പതിനായിരം രൂപ മോഷ്ടിക്കുകയും ചെയ്തു. കഞ്ചാവ് ഉപയോഗിച്ച് ലഹരിക്ക് അടിമപ്പെട്ട ഇവർ കഞ്ചാവ് വാങ്ങുന്നതിനു വേണ്ടിയാണ് മോഷണം നടത്തുന്നത്. പിടിയിലായ കുട്ടികുറ്റവാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്തുവരികയായിരുന്നു. തൊപ്പിച്ചന്തയിലെ ഹോളോബ്രിക്സ് കമ്പനിയിൽ നിന്ന് പമ്പ് സെറ്റ് മോഷണം, ആറ്റിങ്ങൽ പൂവമ്പാറയിൽ നിന്ന് സൈക്കിൾ തുടങ്ങി പത്തോളം മോഷണ പ്രവർത്തനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വർക്കല, കല്ലമ്പലം ഭാഗങ്ങളിലെ ആക്രിക്കടകളിൽ നിന്ന് അഞ്ച് പമ്പ് സെറ്റുകൾ പോലീസ് കണ്ടെടുത്തു. കുട്ടിക്കുറ്റവാളികൾ ചെയ്ത പല മോഷണളിലും പരാതി ലഭിച്ചിട്ടില്ലാത്തതാണ്. കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിൻറെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ വിജയകുമാർ, സിപിഒമാരായ സന്തോഷ്, ബിനോജ്, ശ്രീകുമാർ തുടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നാളെ തിരുവനന്തപുരത്തെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.