മംഗലപുരം : മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ജി ബി ബിജുവിനെയാണ് സസ്പെന്റ് ചെയ്തത്. റൂറൽ എസ്പി ബി അശോക് കുമാറാണ് ബിജുവിനെ സസ്പെന്റ് ചെയ്തത്.
മംഗലപുരം എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഇന്നലെയാണ് ബിജുവിനെ സസ്പെന്റ് ചെയ്യുന്നതിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
അലക്ഷ്യമായി വാഹനമോടിച്ചത് കണ്ടതോടെയാണ് നാട്ടുകാർ വണ്ടി തടഞ്ഞ് നിർത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു അവിടെ ബഹളമുണ്ടാക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് ബിജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ തിരുവനന്തപുരത്തെ പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശഷമാണ് ഇയാൾ സ്റ്റേനിലേക്ക് എത്തിയത്.. മദ്യലഹരിയിൽ ഇയാൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
പിന്നീട് ഇയാൾ വാഹനം ഓടിച്ച് ഇവിടെ നിന്നും പുറത്തേക്ക് പോയി. മംഗലപുരം ജംഗ്ഷനിൽവെച്ച് ഇയാളുടെ വാഹനം നിന്നു പോയി. പിന്നീട് മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെത്തിയാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.