വർക്കല: മോഷ്ടാക്കളെ കുടുക്കാൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറ മോഷ്ടിക്കുന്ന കളളനും വർക്കലയിലിറങ്ങി. വർക്കല മൈതാനം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിജയ് ദന്തൽ ക്ലിനിക്കിനു മുമ്പിൽ സ്ഥാപിച്ചിരുന്ന വിലകൂടിയ ക്യാമറ മോഷ്ടിച്ചെടുക്കുകയും തൊട്ടടുത്ത് സ്റ്റേഷനറി വ്യാപാരി വീരന്റെ ഗോഡൗണിനു മുമ്പിൽ സ്ഥാപിച്ചിരുന്ന ക്യാമറയുടെ വൈദ്യുതി കണക്ഷൻ നശിപ്പിക്കുകയും ചെയ്തു. വെളളിയാഴ്ച രാത്രി 10.30 നാണ് സംഭവം. ക്യാമറ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡിൽ നിന്നും സ്ഥാപനം സ്ഥിതിചെയ്യുന്ന ഭാഗത്തേക്കുളള ഇടനാഴിയിലേക്ക് മോഷ്ടാവ് കടന്നുവരുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ച യുവാവാണ് ദൃശ്യങ്ങളിലുള്ളത്. വർക്കല പൊലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്