കരവാരം : ആറ്റിങ്ങൽ മണ്ഡലത്തിലെ കരവാരം ഗ്രാമ പഞ്ചായത്തിൽ കല്ലമ്പലം പഴയ പോലീസ് സ്റ്റേഷന് പുറകിലായി നാശോന്മുഖമായി കിടന്നിരുന്ന നാറാണത്തുചിറ നവീകരിയ്ക്കുകയെന്നുള്ളത് നാട്ടുകാരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. 20 ലക്ഷം രൂപ ചെലവഴിച്ച് കുളം നവീകരിച്ചു കൊണ്ട് 8 മാസം മുൻപ് മണ്ഡലത്തിൽ മത്സ്യകൃഷിയ്ക്ക് തുടക്കം കുറിച്ചു. ഫിഷറീസ് വകുപ്പു മന്ത്രി ജെ. മെഴ്സിക്കുട്ടി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തിരുന്നു. 8 മാസങ്ങൾക്കു ശേഷം മന്ത്രി തന്നെ വിളവെടുപ്പിനും എത്തിച്ചേർന്നു. ഒരു കർഷക ഗ്രൂപ്പാണ് ഇതിനായി നേതൃത്വം നൽകിയത്. ഫിഷറീസ് വകുപ്പ് തന്നെയാണ് റോഹു , കട്ല , മൃഗാൾ എന്നീ നാടൻ ഇനങ്ങളിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെ നൽകിയിരുന്നത് . അഡ്വ. ബി സത്യൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനകീയ മത്സ്യകൃഷി വിളവെടുപ്പിൽ ഫിഷറീസ് വകുപ്പു മന്ത്രി ജെ. മെഴ്സികുട്ടി ഉദ്ഘാടനം ചെയ്തു. കരവാരം പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ് ദീപ സ്വാഗതവും , കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് , കരവാരം വൈസ് പ്രസിഡന്റ് സുരേഷ്കുമാർ ആശംസകളും അർപ്പിച്ചു. മറ്റു ജനപ്രതിനിധികൾ , രാഷ്ട്രീയ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ , കർഷകർ , നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു .