ആറ്റിങ്ങൽ : കൊല്ലം – തിരുവനന്തപുരം ദേശീയ പാതയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ആലംകോട് ഇരുട്ടിലായിട്ട് നാളുകൾ ഏറെയായി. വലിയ രീതിയിൽ കൊട്ടി ഘോഷിച്ചു കൊണ്ട് സ്ഥാപിച്ച രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും വെറും തൂണ് പോലെ നിൽക്കുന്ന കാഴ്ചയാണ്. ഇവിടെ വാഹനങ്ങളുടെയും സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ആകെ ആശ്രയം. മാത്രമല്ല, കാൽ നാടയാത്രക്കാർ സന്ധ്യ കഴിഞ്ഞാൽ ജംഗ്ഷനിൽ എത്തുന്നത് സൂക്ഷിച്ചു വേണം. കാരണം ഇരുട്ടിൽ നടന്നു നീങ്ങുന്ന ആളെ ദൂരെ നിന്നെത്തുന്ന വാഹങ്ങളിൽ ഇരിക്കുന്നവർ അടുത്തെത്തുമ്പോൾ മാത്രമാകും ശ്രദ്ധിക്കുന്നത്. അതിനാൽ അപകട സാധ്യത കൂടുതലാണ്.
ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ആലംകോട് ജംഗ്ഷനിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ ആണുള്ളത്. പല സന്ദർഭങ്ങളിലായി നഗരസഭയും എംഎൽഎ ഫണ്ടും വിനിയോഗിച്ചു സ്ഥാപിച്ച ഇവ പ്രവർത്തിച്ചിട്ട് വർഷങ്ങളായി. സ്ഥാപിച്ചു മാസങ്ങൾക്കുള്ളിൽ ബൾബുകൾ തകരാറിലായി. അറ്റകുറ്റപ്പണിയുടെ ബാധ്യത ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതോടെയാണ് ഹൈമാസ്റ്റ് ലൈറ്റിന് ചെലവഴിച്ച തുകയും ഉപയോഗശൂന്യമായത്. രാത്രിയും പകലും സജീവമായ ജംഗ്ഷനാണ് ആലംകോട്. എം സി റോഡുമായി ബന്ധിപ്പിക്കുന്ന കിളിമാനൂർ റോഡ്, മത്സ്യ ഗ്രാമമായ അഞ്ചുതെങ്ങ് റോഡ് എന്നിവ ദേശീയപാതയിൽ വന്നു ചേരുന്നത് ഇവിടെയാണ്
താലൂക്കിലെ ഏറ്റവും വലിയ മത്സ്യ മൊത്ത വിപണന കേന്ദ്രം പ്രവർത്തിക്കുന്നതും ഇവിടെയാണ്. പ്രധാന തുറമുഖങ്ങളിൽ നിന്നുള്ള മത്സ്യം വാഹനങ്ങൾ വൈകുന്നേരത്തോടെ ഇവിടെയെത്തിത്തുടങ്ങും. അർധരാത്രിയോടെ മാർക്കറ്റ് സജീവമാകും. രാവിലെയാണ് കച്ചവടം അവസാനിക്കുന്നത്. രാത്രികാലത്ത് വെളിച്ചം അത്യാവശ്യമുള്ള മേഖലയാണിത്. പക്ഷേ ഉള്ള വെളിച്ചസംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻപോലും അധികൃതർ തയാറാകുന്നില്ല.
നിരവധിതവണ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.