ആനാട് സുനിത കൊലക്കേസ് ;ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും

eiOBA7172816

പ്രതിയ്ക്ക് മരണ ശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.

പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിയക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്.

ഒരു ജീവിതം ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ നിഷ്ഠൂരമായി കൊലക്കെടുത്തി സെപ്റ്റിക് ടാങ്കില്‍ തളളുകയാണ് പ്രതിചെയ്തത്.

തന്റെ രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചത്. ഈ പ്രതി സമൂഹത്തില്‍ ജീവിയക്കാന്‍ അര്‍ഹത ഇല്ലാത്തയാളെന്നും നീതിയ്ക്കായുളള സമൂഹത്തിന്റെ നിലവിളിയാണ് താന്‍ കോടതിയോട് ആവശ്യപ്പെടുന്നതെന്നും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എം. സലാഹുദ്ദീന്‍ വാദിച്ചു.

സുപ്രീം കോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിയ്ക്ക് മരണ ശിക്ഷ നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി ഫലത്തില്‍ അംഗീകരിച്ചില്ല.

2013 ആഗസ്റ്റ് മൂന്നിനാണ് പ്രതി തന്റെ ഭാര്യയെ മണ്‍വെട്ടി കൈ കൊണ്ട് തലയക്ക് അടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചത്.

ഏഴും അഞ്ചും വയസുളള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയക്ക് അടിച്ചു വീഴ്ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷ്ണങ്ങളാക്കിയതും. അടുത്ത ദിവസം കുട്ടികളോട് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു.

നിരന്തരം പ്രതി കുട്ടികളെയും ഉപദ്രവിച്ചിരുന്നത് കൊണ്ടാണ് സുനിത വീട്ട് ജോലിയക്ക് പോയി കിട്ടുന്ന പണം ഉപയോഗിച്ച് കുട്ടികള ഒരു സ്വകാര്യ സ്‌കൂളിന്റെ കോണ്‍വെന്റില്‍ നിര്‍ത്തി പഠിപ്പിച്ചിരുന്നത്. എല്ലാ വെളളിയാഴ്ചയും കുട്ടികളെ വിളിച്ചു കൊണ്ട് വന്ന ശേഷം തിങ്കളാഴ്ച സുനിത തന്നെ കോണ്‍വെന്റില്‍ കൊണ്ട് വിടുമായിരുന്നു. സുനിത ഇടയ്ക്കിടെ സ്‌കൂളിലെത്തി അധ്യാപകരെ കണ്ട് കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും അന്വേഷിച്ചിരുന്നു.

സുനിത കൊല്ലപ്പെട്ട ശേഷം സുനിതയെ കാണാതിരുന്ന മദര്‍ സുപ്പീരിയര്‍ കുട്ടികളോട് വിവരം അന്വേഷിച്ചപ്പോള്‍ അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് അച്ഛന്‍ പറഞ്ഞതായി കുട്ടികള്‍ മദറിനോട് പറഞ്ഞു. ഇതന്വേഷിയ്ക്കാന്‍ സുനിതയുടെ വീട്ടിലെത്തിയ മദറിനെ വീട്ടില്‍ കയറ്റാന്‍ ജോയ് തയ്യാറായില്ല.

സംശയം തോന്നിയ മദര്‍ വീടിന്റെ പരിസരം നിരീക്ഷിച്ചപ്പോള്‍ സെപ്റ്റിക് ടാങ്കിന് സമീപം പോകുന്നതിനെ ജോയ് ശക്തമായി തടഞ്ഞിരുന്നെന്ന് മദര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതിരുന്ന സുനിതയ്ക്ക് വേണ്ടി പരാതി നല്‍കിയത് പോലും അന്നത്തെ ആനാട് വാര്‍ഡ് മെമ്പര്‍ ആയിരുന്ന ഷിജുകുമാറാണ്. ജോയ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനെ സംബന്ധിച്ച് സുനിത തന്നോട് പരാതി പറഞ്ഞിട്ടുളളതായും ഇതിനെ സംബന്ധിച്ച് താന്‍ ജോയിയെ താക്കീത് ചെയ്തിരുന്നതായും മെമ്പര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സ്ത്രീകളടക്കമുളള നാട്ടുകാരാണ് സുനിയക്ക് വേണ്ടി മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയത്. പലപ്പോഴും പ്രതിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് ഏറെ വൈകാരികമായാണ് ഗ്രാമവാസികളായ സ്ത്രീകള്‍ പ്രതികരിച്ചിരുന്നത്.

24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.35 രേഖകളും 23 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ. തുഷാര രാജേഷ്, എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.

കുട്ടികള്‍ സുരക്ഷിതര്‍.
തിരുവനന്തപുരം കൊല്ലപ്പെട്ട സുനിതയുടെ കുട്ടികള്‍ നിലവില്‍ സുരക്ഷിതമായ കരങ്ങളിലാണ് ഇപ്പോള്‍. അമ്മ കൊല്ലപ്പെടുകയും അച്ഛന്‍ ജയിലിലാകുകയും ചെയ്ത സാഹചര്യത്തില്‍ അനാഥരായ കുട്ടികള്‍ ഒരു അനാഥാലയത്തിന്റെ സംരക്ഷണയിലായിരുന്നു.

ഇവരെ പിന്നീട് ആലപ്പുഴയുളള ഒരു കുടുംബം നിയമപരമായി ദത്ത് എടുതത്തോടെ കുട്ടികള്‍ സുരക്ഷിതരായി മാറി. സംഭവം നടക്കുമ്പോള്‍ ഏഴും അഞ്ചും വയസ് ഉണ്ടായിിരുന്ന പെണ്‍കുട്ടികള്‍ രണ്ട് പേരും അമ്മയുടെ കൊലയില്‍ അച്ഛനെതിരെ സാക്ഷി പറയാന്‍ കോടതിയില്‍ എത്തിയിരുന്നു.

കോടതിയില്‍ എത്തിയ കുട്ടികള്‍ പ്രതിയെ കാണാന്‍ കൂട്ടാക്കുകയോ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ മൊഴി നല്‍കാനോ തയ്യാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതി മുറിയക്ക് പുറത്ത് നിര്‍ത്തിയാണ് കുട്ടികളുടെ മൊഴി എടുത്തത്. കുട്ടികള്‍ കോടതിയില്‍ മൊഴി പറയാന്‍ എത്തിയതും, കൊല്ലപ്പെട്ടത് സുനിതയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് ആവശ്യമായ ഡി. എന്‍. എ ടെസ്റ്റിന് രക്ത സാമ്പിള്‍ നല്‍കാന്‍ കോടതിയില്‍ എത്തിയതും തങ്ങളുടെ പുതിയ മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു.

പിഴ തുക പ്രതി ഒടുക്കിയാല്‍ അത് കുട്ടികള്‍ക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇരകള്‍ക്കായുളള സര്‍ക്കാര്‍ നിധിയില്‍ നിന്ന് കുട്ടികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്.

ദൃക് സാക്ഷികള്‍ ഇല്ലാത്ത കേസില്‍ നിര്‍ണ്ണായകമായത് ശാസ്ര്തീയ തെളിവുകളും വിദഗ്ദരുടെ മൊഴികളും.

ദൃക് സാക്ഷികള്‍ ആരും ഇല്ലാതിരുന്ന ആനാട് സുനിത കൊലക്കേസില്‍ പ്രോസിക്യൂഷന് സഹായകരമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ദരുടെ മൊഴികളും.

സുനിതയെ പ്രതി ജോയ് തലയക്ക് അടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തില്‍ മണ്ണെണ്ണ ഒഴിയക്കുന്നത് കണ്ടതായി സുനിതയുടെ മക്കള്‍ മൊഴി നല്‍കിയിരുന്നെങ്കിലും കൊല്ലപ്പെട്ടത് സുനിതയല്ലെന്ന് ആദ്യം മുതല്‍ അവകാശപ്പെട്ടിരുന്ന പ്രതിഭാഗം വാദം ഖണ്ഡിയ്ക്കാന്‍ പ്രോസിക്യൂഷന് സഹായകരമായത് സുനിതയുടെ ഡി. എന്‍. എ പരിശോധനാ ഫലവും സുനിതയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടം ചെയ്ത മുന്‍ ഫോറന്‍സിക് വിദഗ്ദ ഡോ. കെ. ശ്രീകുമാരിയുടെ മൊഴികളുമാണ്.

മണ്ണെണ്ണ ഒഴിച്ച് പ്രതി ചുട്ട് എരിയ്ക്കുമ്പോള്‍ സുനിത അബോധാവസ്ഥയിലായിരുന്നെന്നും തലയക്ക് ഏറ്റ മാരകമായ ക്ഷതമാണ് അബോധാവസ്ഥയക്ക് കാരണമായതെന്നും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
സ്‌റ്റേറ്റ് ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിരുന്ന സുനിതയുടെ മൃതദേഹ അവശിഷ്ടങ്ങളുമായി സുനിതയുടെ കുട്ടികളുടെ രക്ത സാമ്പിള്‍ താരതമ്യം ചെയ്ത് ഡി. എന്‍. എ പരിശോധന നടത്തിയ അസിസറ്റന്‍ഡ് ഡയറക്ടര്‍ ഡോ. കെ. വി. ശ്രീവിദ്യ യുടെ മൊഴികളാണ് ഏറെ നിര്‍ണ്ണായകമായത്.

കൊലപാതകം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷം നടത്തിയ ഡി. എന്‍. എ പരിശോധനയില്‍ കൊല്ലപ്പെട്ടത് സുനിതയാണെന്ന് ഡോക്ടര്‍ ഉറപ്പിച്ചു. പ്രതിയുടെ വസ്ത്രങ്ങളില്‍ മണ്ണെണ്ണയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതും കത്തികരിഞ്ഞ സുനിതയുടെ മൃതദേഹ അവശിഷ്ടങ്ങളിലും പ്രതി സുനിതയെ തലയക്ക് അടിച്ചു വീഴ്ത്താന്‍ ഉപയോഗിച്ച മണ്‍വെട്ടി കൈയ്യിലും മണ്ണെണ്ണയുടെ സാന്നിദ്ധ്യമുളളതായി ഡോ. ശ്രീവിദ്യ കണ്ടെത്തുകയും ഇക്കാര്യം അവര്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു.

ആര്‍. ഡി. ഒ യുടെ നിര്‍ദ്ദേശപ്രകാരം നെടുമങ്ങാട് തഹസീല്‍ദാര്‍ ആര്‍. എസ്. ബൈജുവിന്റെ സാന്നിദ്ധ്യത്തിലാണ് പ്രതി ജോയ് ആന്റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കൊല്ലപ്പെട്ട സുനിതയുടെ മൃതദേഹ അവശിഷ്ടം കണ്ടെടുത്തത്. സമീപവാസിയായ സുകുവാണ് പോലീസിന് വേണ്ടി സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്ത് എടുത്തത്.

അഴുകി ദ്രവിച്ച അസ്തികൂടവും പൊട്ടിയ സ്വര്‍ണ്ണമാലയുടെ കഷ്ണവും കത്തികരിഞ്ഞ വസ്ത്രങ്ങളുമാണ് സുകു സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്ത് എടുത്തത്. ഇക്കാര്യങ്ങള്‍ ആര്‍. എസ്. ബൈജുവും സുകുവും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

പോലീസ് അന്വേഷണത്തിലെ വീഴ്ച പ്രോസിക്യൂഷന്‍ പുനരുജ്ജീവിപ്പിച്ചു.

സുനിത കൊലക്കേസ് അന്വേഷിച്ച അന്നത്തെ നെടുമങ്ങാട് സി. ഐയുടെ നേതൃത്ത്വത്തിലെ അന്വേഷണ വീഴ്ച പ്രോസിക്യൂഷന്‍ പുനരുജ്ജീവിപ്പിച്ചത് കോടതിയുടെ സഹായത്തോടെ .

കൊല്ലപ്പെട്ടത് സുനിതയാണെന്ന് പോലും സ്ഥാപിയക്കാതെ കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധന നടത്തി കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിച്ചത്.

കേസ് വിചാരണയുടെ ആദ്യ ഘട്ടം മുതല്‍ കൊല്ലപ്പെട്ടത് സുനിത അല്ലെന്നും സുനിത ഇപ്പോഴും മറ്റെവിടയോ ജീവിച്ചിരുപ്പുണ്ടെന്നുമുളള പ്രതിഭാഗം പ്രതിരോധത്തിന് ഏറ്റ കനത്ത തിരിച്ചടിയായി മാറി ഡി. എന്‍. എ ഫലം.

കേസ് അന്വേഷണത്തിന്റെ ബാലപാഠം പോലും അറിയാത്തവരാണ് കേസ് അന്വേഷണം നടത്തിയതെന്ന് സര്‍ക്കാരിന്റെ ഭാഗമായ പോലീസിനെ സര്‍ക്കാര്‍ പ്രതിനിധിയായ പ്രോസിക്യൂട്ടര്‍ക്ക് തന്നെ കോടതിയില്‍ വിമര്‍ശിയക്കേണ്ടി വന്നു.

പ്രതിയെ കൊണ്ട് പോയി പ്രതി കാണിച്ചിടത്ത് നിന്ന് മൃതദേഹം കണ്ടെടുക്കണമെന്ന പ്രാഥമിക നടപടിപോലും പോലീസ് പാലിച്ചിരുന്നില്ല. പോലീസിന്റെ ഭാഗത്തുളള ഗുരുതര വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് ഉന്നത പോലീസ് അധികാരികള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ടത് സുനിത ആണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാതിരുന്നെങ്കില്‍ കേസിന്റെ വിധി തന്നെ മറ്റൊന്നാകുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!