ചിറയിൻകീഴ് : അഞ്ച് സെൻ്റിൽ മട്ടുപ്പാവ് കൃഷിയുമായി ബാബുവിൻ്റെ കുടുംബം. വീട്ടിലെ ടെറസിൽ കുറച്ചു ഭാഗത്ത് കൃഷി ചെയ്യുന്ന പ്രത്യേക ഇനത്തിലുള്ള പടവലം മനുഷ്യൻ്റെ ഉയരത്തോട് കിടപിടിക്കുന്നതാണെന്നത് കൗതുകമുളവാക്കുന്നു. ചിറയിൻകീഴ് പണ്ടകശാല പാലവിള വീട്ടിൽ ബാബുവിൻ്റെ ഭാര്യയായ ശോശാമ്മയും മക്കളായ ബേഷ് മ, ബ്രിജേഷ് എന്നിവർ ചേർന്ന് നടത്തുന്ന വിവിധ കൃഷികളാണ് ശ്രദ്ധേയമാകുന്നത്. മനുഷ്യൻ്റെ ഉയരമുള്ള പടവലങ്ങൾ വീട്ടിൻ്റെ മുകളിൽ ഒരു അലങ്കാരമായി നിൽക്കുകയാണ്. ചിത്രത്തിൽ കാണുന്നത് ബാബുവിൻ്റെ മകളായ ബേഷ് മ പടവല കൃഷിയിൽ നിൽക്കുന്നതാണ്. 25 ഗ്രോ ബാഗുകളിലായി പാവലും, 30 ഗ്രോബാഗുകളിൽ തൊട്ടടുത്തായി വെണ്ട കൃഷിയും നടത്തുന്നുണ്ട്. കൂടാതെ അഞ്ച് കറവയുള്ള പശുക്കളും മൂന്ന് കിടാങ്ങളും അടങ്ങുന്ന കന്നുകാലി വളർത്തലും ഉണ്ട്. ഇതോടൊപ്പം അലങ്കാര മത്സ്യകൃഷിയും നടത്തുന്നുണ്ട്. പശുതൊഴുത്തിനോട് ചേർന്ന് പത്ത് അടി നീളത്തിലും പത്ത് അടി വീതിയിലുമായി നിർമ്മിച്ച ചെറിയ കുളത്തിൽ നൂറോളം മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. അതിൽ അരയന്നവും നീന്തിക്കളിക്കുന്നത് കുളത്തിന് ഭംഗിയേകുന്നു. രണ്ട് നിലകളിലായി 250 കോഴികളെ വളർത്താനുള്ള കോഴിക്കൂടുകൾ നിർമ്മിച്ചിട്ടുണ്ട്. താഴെ നിലയിൽ കെപ് കോയിൽ നിന്നും ലഭിച്ച 50 മുട്ടക്കോഴികളും മുകളിലത്തെ നിലയിൽ 200 നാടൻ പൂവൻ കോഴി കുഞ്ഞുങ്ങളും ഉണ്ട്. കൃഷിയിൽ നിന്നും ലഭിക്കുന്നവയും, കോഴിയിൽ നിന്നും ലഭിക്കുന്ന മുട്ടകളും, പശുക്കളിൽ നിന്നും ലഭിക്കുന്ന പാലും വീട്ടിലെ ആവശ്യത്തിന് എടുത്ത ശേഷം പുറത്തെ കടകളിൽ വിൽക്കാറുണ്ട്. കൂടാതെ ഇരുപതിനായിരം തൈകൾ വാങ്ങി ഉത്പ്പാദിപ്പിച്ച് ആവശ്യക്കാർക്ക് യഥേഷ്ടം നൽകുന്നു. ചാണകം ഉണക്കി വിൽക്കുന്നുണ്ട്.