ആറ്റിങ്ങൽ : സ്വകാര്യ ബസ് ഡ്രൈവറുടെ ചികിത്സാസഹായത്തിനായി പ്രൈവറ്റ് ബസ് മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ യാത്ര സംഘടിപ്പിച്ചു. 25 വർഷമായി ഡ്രൈവറായ ചിറയിൻകീഴ് മുടപുരം സ്വദേശി സുരേഷിന്റെ ചികിത്സയ്‌ക്കായാണ് കാരുണ്യയാത്ര.
പ്രമേഹം മൂർച്ഛിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷിന്റെ കാൽ മുറിച്ച് മാറ്റേണ്ടതായി വന്നു. ഭാര്യയും വിദ്യാർഥികളായ രണ്ട് പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം 44 കാരനായ സുരേഷാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരേഷ് ചികിത്സയിലായിരിക്കുമ്പോൾ തന്നെ, സഹപ്രവർത്തകരായ ബസ് തൊഴിലാളികൾ സ്വരൂപിച്ച തുക സുരേഷിന് കൈമാറിയിരുന്നു. ആറ്റിങ്ങൽ സ്റ്റാൻഡിലെ വല്ലഭൻ, ശ്രീഭദ്ര എന്നീ ബസുകളാണ് കാരുണ്യയാത്ര നടത്തിയത്. സർവീസിലൂടെ കിട്ടുന്ന മുഴുവൻ തുകയും സുരേഷിന്റെ കുടുംബത്തിന് കൈമാറും. കാരുണ്യയാത്ര യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി പള്ളിയറ അജി ഫ്ലാഗ്‌ഓഫ്‌ചെയ്‌തു. വിവേക്, സഞ്ജു, സതീഷ്, സജീഷ്, തമ്പി, ചന്ദു എന്നിവർ സംസാരിച്ചു.