പെരുമാതുറ : തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി തീരദേശ ഗ്രാമമായ പെരുമാതുറ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുമാതുറയിൽ ജനകീയ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.
തീരദേശ വാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. നിലവിൽ ഒരേ ഭൂപ്രദേശമായിട്ടും രണ്ട് താലൂക്കിലും മൂന്ന് പഞ്ചായത്തിലുമായാണ് ഈ പ്രദേശം കിടക്കുന്നത്. നേരത്തേ രണ്ടു തവണ അനുവദിക്കപ്പെട്ട പഞ്ചായത്താണ് പെരുമാതുറ പഞ്ചായത്ത്. ജനകീയ ചർച്ച പുതുക്കുറിച്ചി ഇടവക സഹവികാരി ഫാദർ ലീൻ ഉദ്ഘാടനം ചെയ്തു. പുതുക്കുറിച്ചി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സൈദലവി അധ്യക്ഷനായി.
പെരുമാതുറ സ്നേഹതീരം ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ആമുഖ പ്രഭാഷണം നടത്തി. പെരുമാതുറ സ്കൂൾ മുൻ പ്രധാനാധ്യാപികയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്യാമളകുമാരി ടീച്ചർ മുഖ്യാഥിതിയായി. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി.
മുൻ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രത്നകുമാർ, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഇ.എം.മുസ്തഫ, ലോക്കൽ കമ്മിറ്റിയംഗം സജിത്ത് ഉമ്മർ, വിവിധ ഗ്രാമപഞ്ചാത്തുകളിലെ അംഗങ്ങളായ അബ്ദുൽ സലാം, ബി.കബീർ, ഫാത്തിമ ശാക്കിർ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.നിസാർ, ഗാന്ധിയൻ ഉമ്മർ എന്നിവർ സംസാരിച്ചു.
പെരുമാതുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ സമാപന പ്രഭാഷണം നടത്തി.ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ബഷറുള്ള സ്വാഗതവും ഷഹീർ സലിം നന്ദിയും പറഞ്ഞു.