കല്ലമ്പലം : സ്വകാര്യ ബസ്സിൽ സ്കൂൾ കുട്ടികളെ കയറ്റിയില്ലെന്ന പരാതിയെ തുടർന്ന് കല്ലമ്പലം പൊലീസ് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ചിറയിൻകീഴ് – ആറ്റിങ്ങൽ- കല്ലമ്പലം- വർക്കല -വർക്കല ക്ഷേത്രം റൂട്ടിലോടുന്ന കാർത്തിക ബസ്സാണ് കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞെക്കാട് സ്കൂളിലെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാൻ കൂട്ടാക്കിയില്ല എന്ന പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ ബസ് ഡ്രൈവർ അഖിൽ (31)ലിനെതിരെ കേസ് എടുത്തതായും അറസ്റ്റ് ചെയ്തതായും കല്ലമ്പലം എസ് ഐ അറിയിച്ചു. മാത്രമല്ല ഇത്തരത്തിൽ സ്കൂൾ വിദ്യാർത്ഥികൾ സ്വകാര്യ ബസിന് കൈ കാണിക്കുമ്പോൾ കുറച്ചകലെ ബസ് നിർത്തിയ ശേഷം കുട്ടികൾ ഓടി വരുമ്പോൾ ബസ് എടുത്തു പോകുന്ന ഒരു പ്രവണത കണ്ടു വരുന്നതായും എസ്.ഐ പറഞ്ഞു.