മംഗലപുരം: സമഗ്ര ശിക്ഷ കേരളം കണിയാപുരം ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഇടവിളാകം യു.പി.സ്കൂളിൽ സംഘടിപ്പിച്ച ബി.ആർ.സി.തല ഇംഗ്ലീഷ് കാർണിവൽ കുട്ടികളുടെ അവതരണ മികവിൽ ശ്രദ്ധേയമായി.
സമഗ്ര ശിക്ഷ കേരളം ഇംഗ്ലീഷ്, സാമൂഹ്യ ശാസ്ത്രം വിഷയങ്ങളിൽ കുട്ടികളെ മികവിലേക്കുയർത്തുന്നതിനും, കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച എൻഹാൻസിംഗ് ലേർണിംഗ് ആമ്പിയൻസ് (ഇല) പദ്ധതി യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കുട്ടികൾ നേടിയ ഇംഗ്ലീഷ് ഭാഷ ശേഷികൾ വിവിധ പരിപാടികളിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹ സമരം അനുസ്മരിച്ച് സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ കുട്ടികൾ നാടകാവതരണം നടത്തി.ഇംഗ്ലീഷ് കാർണിവൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.
മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം അധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിൽ ആരംഭിച്ച ഇംഗ്ലീഷ് ലൈബ്രറി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എ ഷഹീൻ, ജാനറ്റ് വിക്ടർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തംഗo എസ്.കവിത, കണിയാപുരം ബി.പി.സി.ഉണ്ണികൃഷ്ണൻ പാറക്കൽ, പി.ടി.എ പ്രസിഡൻ്റ് എ.ബിനു, പ്രഥമാധ്യാപിക എൽ.ലീന, എസ്.ആർ.ജി കൺവീനർ ഉമ തൃദീപ് പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അജിത, ഈ.എ സലാം എന്നിവർ സംസാരിച്ചു.
കാർണിൽ ഫെസ്റ്റിൻ്റെ ഭാഗമായി കുട്ടികൾ ജൈവ പച്ചക്കറി ഉത്പന്നങ്ങളും പുരാവസ്തുക്കളും പ്രദർശിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകൾ സ്റ്റാളുകൾ സന്ദർശിച്ചു. കുടുംബശ്രീ ഒരുക്കിയ നാടൻ ഭക്ഷണ മേളയും ശ്രദ്ധേയമായി.