എട്ടു ദിവസങ്ങളായി ശാർക്കരദേവീ ക്ഷേത്രത്തിൽ നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തിയാകും.
ഇന്നലെ വൈകിട്ട് ക്ഷേത്ര പരിസരത്ത് മുടിയുഴിച്ചിൽ നടന്നു. ക്ഷേത്രത്തിന്റെ അഞ്ചുകിലോമീറ്ററോളം ചുറ്റളവ് മുടിയുഴിച്ചിലിന് വേദിയായി. ദാരികനെത്തേടി അലയുന്നുവെന്ന സങ്കല്പത്തിലാണ് മുടിയുഴിച്ചിൽ. ദാരികനെത്തേടി നാനാദിക്കിലും അലഞ്ഞ ദേവി നിരാശയായി തിരിച്ചെത്തി.ഇന്ന് വൈകുന്നേരം അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മയുടെ വിജയം നേടും.
തിന്മയുടെമേൽ വിജയം കൊയ്ത് നന്മയുടെ വിത്തെറിയാൻ ശാർക്കര ദേവി ഇന്ന് അടർക്കളം നിറഞ്ഞാടും. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ഭദ്രകാളി ദേവി തിന്മയുടെ പ്രതീകമായ ദാരികാസുരനെ വധിച്ച് ഭക്തർക്ക് രക്ഷയും ഐശ്വര്യവുമരുളുന്നതോടെ ഈ വർഷത്തെ കാളിയൂട്ട് ചടങ്ങുകൾക്ക് പരിസമാപ്തിയാകും.
ദാരിക വധവും നിലത്തിൽപ്പോരുമാണ് കാളീ നാടകത്തിന്റെ ഒൻപതാം ദിവസത്തെ ക്രീയാംശം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ദേവി-ദാനവ കലാശപോരാട്ടം.
ചുട്ടികുത്ത് പുരയിൽനിന്നും ദേവിയും പരിജനങ്ങളും ക്ഷേത്രത്തിന്റെ തെക്കേനടയിലിറങ്ങി കിഴക്കോട്ട് ദർശനം നൽകി ദേവിയുടെ തിരുമുടി തലയിലേറ്റുന്നു. ക്ഷേത്ര മേൽശാന്തിയാണ് മുടി ചൂടിക്കുന്നത്. പോർക്കളത്തിൽ മൂന്ന് വലംവച്ചശേഷം പറണിൽ കയറുന്ന ദേവി മുപ്പാരും മുഴങ്ങുമാറ് ദാരികനെ പോരിന് വിളിക്കുന്നു. ശാർക്കര പറമ്പിന്റെ വടക്ക് 42 കോൽ പൊക്കത്തിൽ തെങ്ങിൻ തടിയിൽ തീർത്തതാണ് ഭദ്രകാളി പറണ്. ഘോര യുദ്ധത്തിനുശേഷം ദാരിക വധം കുലവാഴ വെട്ടി പ്രതീകാത്മകമായി അവതരിപ്പിച്ച ശേഷം ദേവി മുടിത്താളമാടുന്നു. തുടർന്ന് മുടിയുഴിച്ചിൽ ദിവസം കലശത്തിൽ കെട്ടിവച്ചിരിക്കുന്ന വിത്തെടുത്ത് മുടിയിൽ വിതറിയശേഷം മേൽശാന്തിയുടേയും സ്ഥാനികളുടേയും സാനിധ്യത്തിൽ മുടിയിറക്കുന്നതോടെ ഈ വർഷത്തെ കാളിയൂട്ടിന് സമാപനമാകും.
നിലത്തിൽപ്പോര് തത്സമയം ആറ്റിങ്ങൽ വാർത്ത ഫേസ്ബുക്,യൂട്യൂബ് പേജുകളിൽ കാണാം.
ഫേസ്ബുക് : https://www.facebook.com/attingalvartha/
യൂട്യൂബ് : https://www.youtube.com/live/j2otiUf3_2s?feature=share