നെടുമങ്ങാട് : മലയോര കർഷകരും ആദിവാസി വിഭാഗങ്ങളും ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വിവിധ സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന പെരിങ്ങമ്മല, പാങ്ങോട്, നന്ദിയോട് പഞ്ചായത്ത് പരിധികളിലെ പ്രധാന ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് “പാലോട് കേന്ദ്രീകരിച്ച് മിനി സിവിൽ സ്റ്റേഷൻ” സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ പാലോട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
നന്ദിയോട് ‘ഷെമീം നഗറി’ൽ നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാലോട് മേഖലാ പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാ സെക്രട്ടറി കെ. സുരകുമാർ, വൈസ് പ്രസിഡന്റ് ഗിരീഷ് എം. പിള്ള, ജോയിന്റ് സെക്രട്ടറിമാരായ ആർ. സരിത, ആർ.എസ് സജീവ്, ബൈജു ഗോപാൽ, നോർത്ത് ജില്ലാ കമ്മിറ്റി അംഗം വി. ഗോപകുമാർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ബിജു പുത്തൻകുന്ന് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രതീപ് വരവ് ചെലവ് കണക്കും, വിവേക് രക്തസാക്ഷി പ്രമേയവും, സനൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
പുതിയ മേഖലാ ഭാരവാഹികളായി സനൽ. സി (പ്രസിഡന്റ്), സാബു, ഷാക്കിർ (വൈസ് പ്രസിഡന്റുമാർ), പ്രതീപ്. കെ (സെക്രട്ടറി), നസീർ ഖാൻ, രജനി (ജോയിന്റ് സെക്രട്ടറിമാർ), സുലേഷ്. എസ് (ട്രഷറർ), വസുമതി (വനിതാ കമ്മിറ്റി പ്രസിഡന്റ്), രജനി (സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സുലേഷ്. എസ് സ്വാഗതവും പ്രതീപ്. കെ നന്ദിയും പറഞ്ഞു.