മാലിന്യത്തിൽ നിന്നും വാതക ഊർജ്ജം ഉത്പാദിക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സാങ്കേതിക വിദഗ്ധർ ആറ്റിങ്ങൽ നഗരസഭയുടെ ഖരമാലിന്യ പ്ലാന്റ് സന്ദർശിച്ചത്.
മുഖ്യമന്ത്രിയുടെ കോർപ്പറേറ്റ് എൻവയോൺമെന്റ് റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നു 1 കോടി രൂപയും നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ചിലവിട്ടാണ് സിഎൻജി പ്ലാന്റ് നിർമ്മിക്കുന്നത്. ഇതിലൂടെ മാലിന്യത്തിൽ നിന്നും ഉണ്ടാവുന്ന മീഥേൻ ഗ്യാസ് ശേഖരിച്ചു കൊണ്ട് ഊർജോത്‌പാദനത്തിന്റെ പുതിയൊരു തലം പ്രാവർത്തികമാക്കാം.
നിലവിൽ മാലിന്യം സംസ്കരിച്ച് ജൈവ വളം ആക്കിമാറ്റുന്ന സംവിധാനം മാത്രമാണുള്ളത്. ഇത്തരത്തിൽ ലഭിക്കുന്ന ഗ്യാസ് സിഎൻജി വാഹനങ്ങളുടെ പ്രവർത്തനത്തിനും, കൂടാതെ വാണിജ്യ അടിസ്ഥാനത്തിൽ സിലിണ്ടറൈസ് ചെയ്തു കൊണ്ട് പൊതു വിപണിയിലെത്തിക്കാനും സാധിക്കും.
ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സെക്രട്ടറി അരുൺകുമാർ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, പ്ലാന്റ് മാനേജർ മോഹൻകുമാർ എന്നിവരോടും സംഘം ചർച്ച നടത്തി.