മംഗലപുരം തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) മുഖ്യമന്ത്രി കെട്ടിടം കൈമാറും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ ഐഎവി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ സമർപ്പണവും ബിഎസ്എൽ മൂന്ന് ലാബ് സമുച്ചയം, ട്രാൻസ്ജിനിക് അനിമൽ ഫെസിലിറ്റി എന്നിവയുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.
80,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ നിർമാണം കെഎസ്ഐഡിസിയാണ് പൂർത്തിയാക്കിയത്. ആകെ 22 ലാബുണ്ട്. കുരങ്ങുപനി ഉൾപ്പടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങൾ ലാബില്‍ ഉണ്ടാകും. ബിഎസ്എൽ മൂന്ന് ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിർമാണവും ആരംഭിക്കും. ഈ ലാബുകളിൽ കോവിഡും പേവിഷബാധയും പരിശോധിക്കാൻ കഴിയുന്നസൗകര്യങ്ങളാകും സജ്ജമാക്കുക.