Search
Close this search box.

ഷുഗറും പ്രഷറും നോക്കാൻ വീടുകളിൽ ആളെത്തും, കയ്യടി നേടി കിളിമാനൂരിലെ ജനകീയലാബ്

ei2G8QR90191

‘മക്കളെ അടുത്ത മാസവും ഷുഗർ നോക്കാൻ നീ തന്നെയാണോ വരുന്നത്?’ നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളംകൊള്ളി സ്വദേശിനി 75കാരി ഗോമതി അമ്മാൾ, ആശാപ്രവർത്തക സന്ധ്യയോട് നടത്തുന്ന സ്‌നേഹാന്വേഷണമാണിത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജീവിതശൈലി രോഗനിർണയത്തിനായി ആരംഭിച്ച ജനകീയ ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഗോമതി അമ്മാളിന്റെ വീടായ കാർത്തികയിൽ സന്ധ്യ എത്തിയത്. പ്രമേഹവും രക്തസമ്മർദ്ദവും കാരണം ബുദ്ധിമുട്ടുന്ന ഗോമതി അമ്മാളിന് സന്ധ്യയുടെ സന്ദർശനം ഏറെ ആശ്വാസമാണ് നൽകുന്നത്. പത്തു രൂപ മാത്രം നൽകിയാൽ വീട്ടിൽ എത്തി പ്രമേഹവും, രക്തസമ്മർദ്ദവും പരിശോധിച്ചു നൽകും. മൂന്നാഴ്ചയ്ക്കിടെ 129 ആളുകളെയാണ് ജനകീയ ലാബിന്റെ ഭാഗമായി

സന്ധ്യ പരിശോധിച്ചത്.

സന്ധ്യയെ പോലെ തന്നെ വിവിധ പഞ്ചായത്തുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 45 ആശാവർക്കർമാരാണ് ജനകീയ ലാബിൽ പ്രവർത്തിക്കുന്നത്. ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് കരുതലിന്റെയും ചേർത്തുനിർത്തലിന്റെയും സമാശ്വാസമാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ആരോഗ്യ ഭവനം-ജനകീയ ലാബ് പദ്ധതി. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പദ്ധതിക്ക് സാധാരണക്കാരിൽ നിന്നും ലഭിക്കുന്നത്.

മൂന്നുമാസത്തെ ഇടവേളയിൽ കൃത്യമായി ലാബിലെ അംഗങ്ങൾ അവർക്ക് നൽകിയിട്ടുള്ള വാർഡുകളിൽ എത്തി, മുപ്പത് വയസ്സിനു മുകളിൽ ഉള്ള ആളുകളെ പരിശോധിക്കുകയും ജീവിതശൈലി രോഗനിർണയം നടത്തുകയും ചെയ്യുന്നു.

സ്വകാര്യ ലാബുകളിൽ താരതമ്യേന ഉയർന്ന തുക ഈടാക്കി നടത്തുന്ന പരിശോധനയാണ് വെറും പത്ത് രൂപയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വീട്ടുപടിക്കൽ ലഭ്യമാക്കുന്നത്. അമിതവണ്ണവും അതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളും മുൻകൂട്ടി മനസിലാക്കുന്നതിനുള്ള ബി.എം.ഐ നിർണയവും ആരോഗ്യഭവനം പദ്ധതിയിലുണ്ട്. പ്രായമായ ആളുകളാണ് ജനകീയ ലാബിനെ ഏറ്റെടുത്തിരിക്കുന്നത്. വീടുകളിൽ എത്തി പരിശോധന ഉറപ്പാക്കുമെന്നതിനാൽ സ്വകാര്യ ലാബുകളിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നതാണ് മുതിർന്നവരെ ആകർഷിക്കുന്നതിന് പിന്നിലെ കാരണം. പരിശോധിക്കാൻ എത്തുന്ന ആശാപ്രവർത്തകരോട് ഇനി അവരെത്തുന്ന ദിവസം പോലും ചോദിച്ചു ഉറപ്പാക്കുന്നവരുമുണ്ട് കൂട്ടത്തിൽ. ഗുരുതരമായ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നവരെ തുടർ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യും.

നിലവിൽ ഒരു പഞ്ചായത്തിൽ അഞ്ച് ആശാവർക്കർമാർ മാത്രമാണ് ജനകീയ ലാബിൽ പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച കൂടുതൽ പേരെ പദ്ധതിയിലുൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കിളിമാനൂർ ബ്ലോക്കിന് കീഴിലെ 136 വാർഡുകളിലും ജനകീയ ലാബിന്റെ സേവനം ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!