വർഷങ്ങളായി പരിഹാരം കാണാൻ പറ്റാത്ത പരാതിയുമായാണ് ഒറ്റശേഖരമംഗലം സ്വദേശിയായ സുരേഷ് കുമാർ കാട്ടാക്കട കരുതലും കൈത്താങ്ങും വേദിയിൽ എത്തിയത്. വീടിനടുത്തു കൂടെയുള്ള ഇലക്ട്രിക് ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് കുമാർ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ മുന്നിലെത്തിയത്.
34 വർഷം മുൻപ് വെച്ച വീടിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി കെഎസ്ഇബിയിൽ കൺസന്റ് കൊടുത്തിരുന്നു. എന്നാൽ അധികൃതർ വീടിനടുത്ത് കൂടെ ലൈൻ വലിക്കുകയായിരുന്നു. ആ സമയത്ത് ജോലി സംബന്ധമായി പാലക്കാട് ആയിരുന്ന സുരേഷ് കുമാർ പിന്നീടാണ് സംഭവം അറിയുന്നത്. ലൈൻ മാറ്റിക്കിട്ടാൻ 34000 രൂപ കെഎസ്ഇബിയിൽ കെട്ടിവെയ്ക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ക്ഷേമപെൻഷൻ വഴി കിട്ടുന്ന തുക മാത്രമാണ് സുരേഷ് കുമാറിനും ഭാര്യയ്ക്കും ഉള്ള ഏക വരുമാന സ്രോതസ്സ്. ആയതിനാൽ തുക ഒഴിവാക്കി സൗജന്യമായി കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യവുമായാണ് സുരേഷ് കുമാർ എത്തിയത്.
പരാതി കേട്ട് മന്ത്രി ഉടൻതന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരോട് സുരേഷ് കുമാറിന് സൗജന്യമായി ലൈൻ മാറ്റി നൽകണമെന്ന് നിർദ്ദേശിച്ചു.