ഇങ്ങനെയൊരു കുടുംബയോഗം ഇതാദ്യം : പനവിള കുടുംബയോഗത്തിൽ ആറു തലമുറകളുടെ സംഗമം

IMG-20230517-WA0005

(ഫോട്ടോ : പനവിള സ്നേഹസംഗമം പാളയം ഇമാം വി പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു)

കല്ലമ്പലം : പണ്ട് കാലങ്ങളിലെ പോലെ അല്ല, ഇന്ന് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കുടുംബ യോഗങ്ങളും സംഗമങ്ങളും അത്യാവശ്യമായി മാറുകയാണ്. വളർന്നു വരുന്ന തലമുറകൾക്ക് വീട്ടിൽ ഉള്ളവരെ അല്ലാതെ അടുത്ത ബന്ധുക്കളെ പോലും അറിയില്ല എന്നതാണ് വാസ്തവം. വളരെ തിരക്ക് പിടിച്ച ആധുനിക കാലഘട്ടത്തിൽ ബന്ധങ്ങളും സൗഹൃദങ്ങളുമാണ് പ്രധാനം എന്ന് വരച്ചു കാണിക്കുകയാണ് പനവിള കുടുംബയോഗം. ബന്ധങ്ങൾ പുതുക്കാനും ശക്തിപ്പെടുത്താനും പരസ്പരം സഹായിക്കാനും ഒരുമിച്ച് സഹകരണത്തോടെ മുന്നോട്ട് പോകാനും എന്നും കുടുംബയോഗങ്ങൾ മുതൽകൂട്ടാണ്.

തോട്ടയ്ക്കാട് പനവിള കുടുംബത്തിലെ ആറു തലമുറകളിൽ നിന്നുള്ള 150ഓളം കുടുംബങ്ങളുടെ സംഗമവേദിയായി കടുവയിൽ കെ ടി സി ടി ഓഡിറ്റോറിയം മാറിയത് ശ്രദ്ധേയമായി. ഈ പ്രദേശത്ത് ഇങ്ങനെയൊരു കുടുംബയോഗം ഇതാദ്യമായാണ് കാണുന്നത്. വളരെ ചിട്ടയോടെ വിശാലമായ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ കുടുംബയോഗം കുടുംബാംഗങ്ങൾക്കും അതിഥികൾക്കും ആവേശമുള്ളതാക്കി.

മുതിർന്നവരെ ആദരിക്കുന്നു

18ആം നൂറ്റാണ്ടിൽ തഞ്ചാവൂർ ദേശത്തുനിന്ന് കൊട്ടാരം വൈദ്യന്മാരായി എത്തി വെമ്പായം -കന്യാകുളങ്ങര താമസമാക്കിയവരുടെ പിന്മുറയിൽപ്പെട്ട് തോട്ടയ്ക്കാട് താമസമാക്കിയ പ്രമാണിയുടെ മകനായ സൈദ് മുഹമ്മദിന്റെയും കല്ലമ്പലം മടന്തപ്പച്ച കല്ലുവിളയിൽ മറിയം ബീവിയുടെയും 10 മക്കളിൽ ഏറ്റവും ഇളയ മകൾ ആബിദാ ബീവി മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. അവരുടെ താഴെയുള്ള അഞ്ചു തലമുറയിലുള്ള ഒന്ന് മുതൽ 85 വയസ്സ് വരെയുള്ളവരാണ് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടന്ന സ്നേഹസംഗമത്തിൽ പങ്കെടുത്തത്.

പാളയം ഇമാം ഡോക്ടർ വി പി സുഹൈബ് മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സ്നേഹസംഗമത്തിന്റെ പ്രാധാന്യം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങോട്ട് അഭിവാദ്യം സ്വീകരിച്ച ശേഷമല്ല ഒരാളെ സ്വീകരിക്കേണ്ടതെന്ന നബിവചനം ഇമാം ഓർമിപ്പിച്ചു.

ഓരോ കുടുംബത്തിനെയും പരിചയപ്പെടുത്തുന്നു

അഞ്ഞൂറോളം വരുന്ന കുടുംബങ്ങങ്ങളെ 10 മക്കളുടെ ഗ്രൂപ്പുകളായി ഇരുത്തി ഓരോരുത്തരെയും പ്രത്യേകം ഖാലിദ് പനവിള പരിചയപ്പെടുത്തുകയും തുടർന്ന് കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, മത പണ്ഡിതന്മാർ, ഹാഫിളീങ്ങൾ, ഡോക്ടർമാർ, വിദ്യാഭ്യാസ വിചക്ഷണർ, നേതാക്കൾ, സംരംഭകർ, കർഷകർ, കലാകായികമത്സര വിജയികൾ, പരീക്ഷാ വിജയികൾ എന്നീ പ്രതിഭകളെ ആദരിക്കുകയുമുണ്ടായി.

മരണപ്പെട്ട ഭർത്താവിന്റെയും മകന്റെയും സ്മരണയ്ക്കായി തട്ടാൻവിള നജീമ ബീവി രണ്ടു കുടുംബത്തിനായി അഞ്ചു സെന്റ്‌ ഭൂമി വീതം ദാനം നൽകുന്നതിൽ ഒരു കുടുംബത്തിന് രേഖകൾ കൈമാറി. പ്രസ്തുത കുടുംബത്തിന് മേലെ പനവിള നബീസ ബീവിയുടെ ഭർത്താവ് പരേതനായ മുസ്തഫ മൗലവിയുടെ പേരിൽ ആരംഭിച്ച ഫൌണ്ടേഷൻ നിർമിച്ചു നൽകുന്ന വീടിന്റെ രൂപരേഖയും കടുവയിൽ ജുമാ മസ്ജിദ് ചീഫ് ഇമാം അബു റബീഉ സദഖത്തുള്ള ബാഖവി കൈമാറി.

സ്നേഹ സംഗമത്തിൽ ഭവന രഹിത കുടുംബത്തിന് ഭൂമിയും വീടിന്റെയും രേഖകൾ കൈമാറുന്നു

ഉച്ചയ്ക്ക് ശേഷം പനവിള കുടുംബാംഗവും പ്രശസ്ത മോട്ടിവേഷൻ ട്രൈനറും സൈക്കോളജിസ്റ്റും മംഗളുരു പി എ കോളേജ് പ്രിൻസിപ്പളുമായ ഡോക്ടർ സർഫറാസ് ജെ ഹാസിം ‘മൈൻഡ് പവർ ആൻഡ് ഗൈഡൻസ് ‘ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു. പനവിള കുടുംബ ഡയറക്ടറി സെക്രട്ടറി ഖാലിദ് പനവിള ചെയർമാൻ സൈനുലബ്ദീനു നൽകി പ്രകാശനം ചെയ്തു

ഫാമിലി മീറ്റ് ചെയർമാൻ സന സൈനുലബ്ദീൻ സംസാരിക്കുന്നു

സംഗമത്തിൽ സൈനുലബ്ദീൻ സന ഗ്രൂപ്പ്‌ ചെയർമാൻ (അധ്യക്ഷൻ), ഖാലിദ് പനവിള (സെക്രട്ടറി), സൈനുലബ്ദീൻ പൂന്തോട്ടം (ചെയർമാൻ, METCA ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), കെ. ടി. താജുദീൻ പിള്ള (കേന്ദ്ര ആഭ്യന്തര വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ -റിട്ടയേർഡ്), താഹിർ അസീസ് (പ്രവാസി കോൺഗ്രസ്‌ ജില്ലാ സമിതി അംഗം), മൗലവി താഹ റഷാദി (ഇമാം, ഇലവുപാലം ജമാ-അത്), ഹസൻ തോന്നക്കൽ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!