മംഗലപുരം : ദേശീയപാതയിൽ പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. മണമ്പൂർ കാരൂർക്കോണം പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22) ആണ് മരണപ്പെട്ടത്. ഇതോടെ മരണം നാലായി. അനുവിന്റെ മാതാവ് ശോഭ (41), അനുവിന്റെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞ്, ഓട്ടോ ഡ്രൈവർ സുനിൽ (40) എന്നിവരാണ് സംഭവ ദിവസം മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 18ന് രാത്രി 8അര മണിയോടെയാണ് പള്ളിപ്പുറം താമരക്കുളത്ത് കെ.എസ്.ആർ.ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച അപകടം നടന്നത്. അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസ് ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അനുവിന്റെ പ്രസവശേഷം എസ്.എ.ടി ആശുപത്രിയിൽ നിന്ന് ഓട്ടോയിൽ മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്ന മഹേഷും മകൻ വിഥുനും (അഞ്ച്) ആശുപത്രിയിൽ ചികിത്സയിലാണ്.
കെ.എസ്.ആർ.ടിസി ബസ് ഡ്രൈവർ കൊല്ലം മൈലക്കാട് സ്വദേശി അജിത്ത് കുമാറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി.അപകടം നടന്ന സ്ഥലം റൂറൽ എസ്.പി ഡി. ശിൽപ സന്ദർശിച്ചു. ഫോറൻസിക് സംഘവും മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ഇടുങ്ങിയ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്നും റൂറൽ എസ്പി പറഞ്ഞു.