ആര്യനാട് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ അത്യാധുനിക നിലവാരത്തിൽ പുതിയ ബഹുനില മന്ദിരം വരുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് നവകേരള കർമ്മ പദ്ധതി വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആര്യനാട് സ്‌കൂളിൽ ഉൾപ്പെടെ, സംസ്ഥാനത്ത് 12 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 3.90 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. അടുത്ത അധ്യയന വർഷത്തോടെ കെട്ടിടനിർമാണം പൂർത്തിയാകുമെന്ന് എം.എൽ.എ പറഞ്ഞു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ, തേവിയാരുകുന്ന് പറണ്ടോട്, ഈഞ്ചപ്പുരി തുടങ്ങിയ മലയോര മേഖലകളിൽ നിന്നും മറ്റ് പഞ്ചായത്തുകളിൽ നിന്നും വിദ്യാർത്ഥികൾ ഹയർസെക്കൻഡറി പഠനത്തിന് ആശ്രയിക്കുന്നത് ആര്യനാട് സ്‌കൂളിനെയാണ്. പുതിയ കെട്ടിടം ഉയരുന്നത്തോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉൾപ്പെടെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും മികച്ച പഠനാന്തരീക്ഷവും ലഭ്യമാകും.
1294 ചതുരശ്രമീറ്റർ വിസ്തൃതിയിൽ മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിൽ 8 ക്ലാസ് മുറികൾ, മൂന്ന് ലാബുകൾ, ഭിന്നശേഷി സൗഹൃദമായ ശുചിമുറികൾ, റാമ്പ് തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.