സ്വാതന്ത്ര്യത്തിന് മുമ്പ് ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് മുതല്‍ 1.7 കോടി രൂപ വിലയുള്ള ബി.എം.ഡബ്ല്യൂവിന്റെ ഐ.എക്‌സ് എക്‌സ് ഡ്രൈവ് 40 കാറും ഒരു കുടക്കീഴിലൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെ പ്രത്യേക പവലിയനിലാണ് വാഹനപ്രേമികളുടെ മനംകവരുന്ന നിരവധി വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1951 ല്‍ ഇംഗ്ലണ്ടില്‍ നിര്‍മിച്ച മോറിസ് മൈനര്‍, 1976, 1968 മോഡല്‍ ജാവ ബൈക്കുകള്‍ മുതല്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എം.ജി കോമറ്റ്, മഹീന്ദ്ര എക്‌സ്.യു.വി 400, ഹൈബ്രിഡ് വാഹനങ്ങളായ ടൊയോട്ട ഹൈറൈഡര്‍, ടൊയോട്ട കാംമ്രി തുടങ്ങിയവയും ഇവിടെയുണ്ട്.
ഇതിനുപുറമെ ആര്‍.ടി ഓഫീസില്‍ പോയി ടോക്കണെടുത്ത് വരിനിന്ന് മാത്രം ലഭിക്കുന്ന വിവിധ സേവനങ്ങളും പവലിയനില്‍ നിന്നും എളുപ്പം ലഭിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് ബാക്ക് ലോഗ്, മൊബൈൽ നമ്പർ അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന സംവിധാനം വഴി മോക്ക് ടെസ്റ്റ് ചെയ്യാനുമാകും. കൂടാതെ സെല്‍ഫി കോണ്ടസ്റ്റില്‍ പങ്കെടുത്ത് ഹെല്‍മറ്റ് സമ്മാനമായി നേടാനും അവസരമുണ്ട്. റോഡ്‌സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ടോക്കിംഗ് ഹെല്‍മറ്റ് എന്ന പേരില്‍ പ്രത്യേക പരിപാടിയും സ്‌കൂള്‍ കുട്ടികള്‍, ബൈക്ക് യാത്രക്കാര്‍, ബസ് യാത്രക്കാര്‍ എന്നിവര്‍ക്കുള്ള വിവിധ ട്രാഫിക് ബോധവത്കരണ കൈപ്പുസ്തകങ്ങളുടെ വിതരണവും സ്റ്റാളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.