എന്റെ കേരളം മെഗാ മേളയുടെ ഭാഗമായി നിശാഗന്ധിയില്‍ സംഗീതത്തിന്റെ വിസ്മയരാവ് തീര്‍ത്ത് ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയുടെ മ്യൂസിക്കല്‍ നൈറ്റ്. മെലഡിയും ഫാസ്റ്റ് നമ്പറുകളും ഒരു പോലെ പാടി ആരാധകരെ ആവേശത്തിലാക്കാറുള്ള രാജലക്ഷ്മിയുടെ പതിവ് ശൈലി നിശാഗന്ധിയിലും ആവര്‍ത്തിച്ചു. പാട്ടിനൊപ്പം ചുവടുകളും നിറഞ്ഞ കൈയ്യടിയുമായി സദസും ഒപ്പം ചേര്‍ന്നു.
ഗിത്താറില്‍ സുദേന്ദുവും കീബോര്‍ഡില്‍ സാംസണും ഡ്രംസില്‍ രഞ്ജുവും വിസ്മയം തീര്‍ത്തു. തബലയില്‍ വിരലുകളാല്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തെ സമ്പന്നമാക്കി ഹരികൃഷ്ണും ഫ്‌ളൂട്ടില്‍ മികച്ച ശ്രവ്യാനുഭവം പകര്‍ന്ന് ഷാജിയും മ്യൂസിക്കല്‍ നൈറ്റിന് മികവ് പകര്‍ന്നു.
നിശാഗന്ധിയിൽ ഇന്ന് ( മെയ് 26) വൈകുന്നേരം 6 മണിമുതൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ ഏഴ് മുതൽ 14 വയസ്സുവരെ പ്രായമുള്ള 22 കുട്ടികൾ അവതരിപ്പിക്കുന്ന ഡോക്യുഡ്രാമ ‘ചങ്ങാതി’ അരങ്ങേറും. തുടർന്ന് വൈകുന്നേരം 7.30 മുതല്‍ ഭദ്ര റെജിൻ മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടി.