ആറ്റിങ്ങൽ : ആറ്റിങ്ങലിൽ സ്വകാര്യ ബസ് പണിമുടക്കിയത് യാത്രക്കാരെ വലച്ചു. ഇന്നലെ രാത്രി വൈകിയാണ് പണിമുടക്ക് ആഹ്വാനം ഉണ്ടായത്. പക്ഷെ ഇന്ന് രാവിലെ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് പലരും പണിമുടക്ക് വിവരം അറിയുന്നത്. അതോടെ ഓഫീസ്,സ്കൂൾ, കോളേജുകളിലേക്ക് പോകേണ്ടവർ ദുരിതത്തിലായി. പല പ്രദേശങ്ങളിലും വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു. എസ്ടി എടുത്ത് പോകേണ്ട വിദ്യാർത്ഥികൾ കെഎസ്ആർടിസി ബസ്സിൽ ഫുൾ ടിക്കറ്റ് എടുത്ത് സ്കൂൾ കോളേജുകളിലേക്ക് പോയി. എന്നാൽ കെഎസ്ആർടിസി ബസ്സും സർവീസ് നടത്താത്ത ചില പ്രദേശങ്ങളിലെ യാത്രക്കാർ ആകെ വിഷമത്തിലായി. ബസിൽ നൽകുന്നതിനേക്കാൾ ഇരട്ടി പൈസ കൊടുത്ത് ഓട്ടോയിലോ ടാക്സിയിലോ നിർദിഷ്ട സ്ഥലനങ്ങളിലേക്ക് പോകേണ്ടി വന്നു.
ആറ്റിങ്ങൽ -അയിലം, ആറ്റിങ്ങൽ -വാമനപുരം, ആറ്റിങ്ങൽ -കൊല്ലമ്പുഴ കടയ്ക്കാവൂർ- വർക്കല തുടങ്ങിയ പ്രദർശങ്ങളിലെ യാത്രക്കാർക്ക് സ്ഥിരം യാത്ര ചെയ്യുന്ന സ്വകാര്യ ബസ് പണിമുടക്കിയത് എട്ടിന്റെ പണിയായിപ്പോയി. ഈ പ്രദേശങ്ങളിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്തത് കൊണ്ട് വിദ്യാർത്ഥികളും പെട്ടുപോയി. പല വിദ്യാർത്ഥികളും വീട്ടിലേക്ക് മടങ്ങി. എന്നാൽ ചിലർ ഓട്ടോയിൽ ഷെയർ ഇട്ട് സ്കൂൾ, കോളേജുകളിലേക്ക് പോയി. ഇനി വൈകുന്നേരവും ഓട്ടോയോ ടാക്സിയോ ആശ്രയിച്ച് വേണം അവർക്ക് വീടെത്താൻ. വിദ്യാർത്ഥി ബസ്സിൽ നിന്ന് വീണ സംഭവത്തിൽ അറസ്റ്റിലായ കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കിയത്.