മന്ത്രിമാരായ കെ. രാധാകൃഷ്ണനും ജി. ആർ അനിലും മുന്നിൽ അരങ്ങേറ്റ പ്രകടനം കാഴ്ച്ചവെച്ച് യുവതികളുടെ ശിങ്കാരിമേളം ടീം. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പട്ടികജാതി യുവതികളുടെ ശിങ്കാരിമേളം ടീം പ്രഖ്യാപനവും അരങ്ങേറ്റവും പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാതിമതലിംഗഭേദമന്യേ വാദ്യകല എല്ലാവർക്കും സാധ്യമാക്കണമെന്നും സ്ത്രീസാന്നിധ്യമില്ലാത്ത എല്ലാ മേഖലകളിലേക്കും വനിതകൾ എത്തണമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തതാണ് ‘പട്ടികജാതി യുവതികൾക്ക് ശിങ്കാരിമേളം പരിശീലനവും ടീം രൂപീകരണവും എന്ന പദ്ധതി.
ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്ത്രീകൾക്ക് മികച്ച വരുമാനമാർഗം കണ്ടെത്താൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പട്ടികജാതി യുവതികൾക്ക് തൊഴിൽ നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. പദ്ധതിയുടെ ഭാഗമായി 18 വനിതകൾക്ക് ഒരു വർഷത്തോളം പരിശീലനം നൽകുകയും വാദ്യോപകരണങ്ങൾ നൽകുകയും ചെയ്തു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി നിർവഹണത്തിന് ചെലവായത്. പ്രസാദ് എസ്.പി ഗുരുകൃപയാണ് യുവതികളെ പരിശീലിപ്പിച്ചത്. പദ്ധതിയിലൂടെ നിലവിൽ രണ്ട് ടീമുകളാണ് ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യ ടീം ജനശ്രദ്ധനേടിയതോടെ പദ്ധതി വിപുലമാക്കുകയായിരുന്നു.
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളെ വിദ്യാസമ്പന്നരാക്കുന്നതിനായി വീടിനോട് ചേർന്ന് പഠനമുറി നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി പൂർത്തിയായ പഠനം മുറിയുടെ താക്കോൽദാനം ജി. സ്റ്റീഫൻ എം. എൽ. എ നിർവഹിച്ചു. പനവൂർ നിവാസി പ്രേം കിഷോർ ആർ. പി എന്ന വിദ്യാർത്ഥിക്കാണ് പഠനമുറി ലഭിച്ചത്.
ദുർബല വിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭവന നിർമാണ പദ്ധതി ഗുണഭോക്താക്കളുടെ പ്രഖ്യാപനം ഡി. കെ മുരളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്കിലെ ആറ് പേരാണ് ഗുണഭോക്തൃ പട്ടികയിൽ ഇടംനേടിയത്.
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. ‘ഏഷ്യ പസഫിക് മാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിനു വേണ്ടി കളിച്ച് വെള്ളി മെഡൽ നേടിയ സനലിനെ ചടങ്ങിൽ ആദരിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവരും പങ്കെടുത്തു.