നഗരൂർ : ആലംകോട് വഞ്ചിയൂരിൽ രാവിലെ ട്യൂഷൻ പഠിക്കാൻ പോയ 10ആം ക്ലാസ് വിദ്യാർത്ഥിനിയെ ഒമിനി വാനിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്ന പരാതി പൊളിഞ്ഞു. സംഭവം അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നും രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോ വാട്സാപ്പിൽ കണ്ടെന്നും അതിന്റെ ഓർമയിൽ തന്നെ ആരോ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി തോന്നിയതാണെന്നും വിദ്യാർത്ഥിനി നഗരൂർ പോലീസിൽ മൊഴി നൽകി.
ഇന്ന് രാവിലെയാണ് നഗരൂർ പോലീസിൽ കുട്ടിയും ബന്ധുക്കളും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നു എന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. രാവിലെ 7 മണിയോടെ റോഡ് വശത്ത് കൂടി നടന്നു വന്ന പെൺകുട്ടിയെ കരിനീല ഒമിനി വാനിൽ മൂന്ന് -നാല് പേർ വന്നു കുട്ടിയോട് വഴി ചോദിക്കുകയും കുട്ടി വഴി അറിയില്ലെന്ന് പറഞ്ഞപ്പോൾ ‘അറിയിച്ചു താരമെടി’ എന്നും പറഞ്ഞു വാനിൽ ഉണ്ടായിരുന്നവർ കുട്ടിയെ വാനിന് അകത്തേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെന്നും അതിൽ ഒരാളെ കുട്ടി കാലുമടക്കി അടിച്ചെന്നും തുടർന്ന് നിലവിളിച്ചു കൊണ്ട് കുട്ടി ഓടി അടുത്തുള്ള അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് ഓടിക്കയറുകയുമാണ് ചെയ്തത് എന്നാണ് പോലീസിൽ പരാതി നൽകി. ശേഷം കുട്ടി വാഹനത്തിന്റെ നമ്പറും നൽകി. എന്നാൽ വാഹനത്തിന്റെ നമ്പർ പോലീസ് പരിശോധിച്ചപ്പോൾ ചാലക്കുടിയിലുള്ള ഒരു സ്ത്രീയുടെ പേരിലുള്ള സ്കൂട്ടറിന്റെ നമ്പർ ആണെന്നാണ് പോലീസ് കണ്ടെത്തിയത്. അതോടെ പോലീസ് ആകെ വിയർക്കാൻ തുടങ്ങി. ഒടുവിൽ പോലീസ് സംഭവം നടന്നെന്ന് പറയുന്ന സ്ഥലത്ത് വിശദമായ അന്വേഷണം നടത്തി. പരിസരത്തെ വീടുകളിൽ പോലീസ് കാര്യം അന്വേഷിച്ചു. എന്നാൽ കുട്ടിയുടെ നിലവിളിയോ ഒന്നും കേട്ടതായി ആർക്കും അറിയില്ല. ഒടുവിൽ കുട്ടി ഓടിക്കയറിയ വീട്ടിൽ പോലീസ് അന്വേഷിച്ചു. കുട്ടി റോഡിൽ ബാഗ് വലിച്ചെറിഞ്ഞു ഓടി എന്നാണ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ സംഭവം നടന്നെന്ന് പറയുന്ന സ്ഥലത്ത് നിന്നും 5-6 വീടുകൾ കഴിഞ്ഞുള്ള വീട്ടിലാണ് കുട്ടി ഓടിക്കയറിയതെന്നും അവിടെയാണ് കുട്ടിയുടെ ബാഗ് കിടന്നതെന്നും പോലീസ് പറഞ്ഞു.
തുടർന്ന് സ്റ്റേഷനിൽ വിളിപ്പിച്ച് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. അപ്പോഴാണ് കുട്ടി തനിക്കു എല്ലാം വെറുതെ തോന്നിയതാണ് എന്ന് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കൾ വാട്സാപ്പിൽ ഒരു വീഡിയോ അയച്ചു കൊടുത്തു. ഒരു കുട്ടിയെ കുറച്ചുപേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നതാണ് വീഡിയോ. ആ വീഡിയോ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് കുട്ടി കണ്ടിരുന്നെന്നും വർഷങ്ങൾക്ക് മുൻപ് ആന്റിയെ ആരോ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കഥ കുട്ടിയോട് മുൻപ് ആരോ പറഞ്ഞിട്ടുണ്ടെന്നും അതെല്ലാം കൂടി മനസ്സിൽ കിടന്ന് റോഡിലൂടെ നടന്നു വരുമ്പോൾ തന്നെ ആരോ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി തോന്നിയതാണെന്നും കുട്ടി പോലീസിന് മൊഴി നൽകി. അതോടെ പോലീസിന്റെ വലിയ തലവേദന ഒഴിഞ്ഞു.
എന്നാൽ സംഭവം ഇങ്ങനെ കുട്ടിക്ക് തോന്നിയതാണോ എന്ന് വീട്ടുകാരോട് ചോദിച്ചപ്പോൾ കൂടുതൽ ഒന്നും പറയാനില്ല എന്നാണ് അവർ പറഞ്ഞത്.