അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി പ്രദേശവാസികളും
വർക്കല : പാരിപ്പള്ളി- വർക്കല-ശിവഗിരി റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുക്കടയിൽ രണ്ടാഴ്ച പിന്നിട്ട അനിശ്ചിതകാല സത്യാഗ്രഹ സമരത്തിൽ പാളയംകുന്ന് നിവാസികൾ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടത്തിയ സത്യാഗ്രഹ സമരം മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനം പിടിച്ച വർക്കലയെ ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും, വർക്കലയിലേക്കുള്ള പാത കെട്ടിയടക്കാനു ള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് സംരക്ഷണ സമിതി പാളയംകുന്ന് മേഖലാ കമ്മിറ്റി ചെയർമാൻ ബ്രജിത്ത് അധ്യക്ഷത വഹിച്ചു. സുഗതൻ, ജി. പ്രസാദ് കുമാർ, പാളയംകുന്ന് നേതാജി ഗ്രന്ഥശാല സെകട്ടറി സനിൽകുമാർ, കോവൂർ രവികുമാർ എന്നിവർ സംസാരിച്ചു. അനിശ്ചിതകാല സത്യാഗ്രഹത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ വി.മണിലാൽ, അഡ്വ.എസ്.ആർ അനിൽകുമാർ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി.
ബുധനാഴ്ച നടയറ പ്രദേശവാസികൾ സംഘടിപ്പിക്കുന്ന സമരം കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യും.