കര്‍ക്കിടക വാവുബലി; ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

IMG-20230702-WA0019

ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന് കളക്ടർ

ഇത്തവണത്തെ കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ജൂലൈ 17 നാണ് കര്‍ക്കിടക വാവ്. തിരുവല്ലം, വര്‍ക്കല, അരുവിപ്പുറം, അരുവിക്കര എന്നിവിടങ്ങൾ ഉൾപ്പെടെ ബലിതർപ്പണം നടത്തുന്ന എട്ട് കേന്ദ്രങ്ങളില്‍ സുരക്ഷിതമായി ബലിതര്‍പ്പണം നടത്താവുന്ന വിധത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബലിതര്‍പ്പണത്തിന് വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പരമാവധി പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കും. ഇതോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ ചുമതലപ്പെടുത്തി. തഹസിൽദാർമാർ, ദേവസ്വം, പോലീസ് എന്നിവർ സംയുക്ത പരിശോധന നടത്തും. പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോര്‍ഡ് ബലിതര്‍പ്പണ കേന്ദ്രത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കും. ആഴം കൂടുതലുള്ള ഭാഗങ്ങളില്‍ ഇതു സംബ്ബന്ധിച്ച മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കും. എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും ബലിതര്‍പ്പണമെന്നും കളക്ടര്‍ അറിയിച്ചു.

സുരക്ഷ കണക്കിലെടുത്ത് മതിയായ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ വനിതാ പൊലീസുകാരെ വിന്യസിക്കുകയും വാഹന പാര്‍ക്കിംഗിന് വേണ്ടി പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രദേശങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കും. ആവശ്യമുള്ള ഇടങ്ങളിൽ ലൈഫ് ഗാര്‍ഡുമാരുടെയും തിരുവല്ലത്ത് സ്‌കൂബാ ഡൈവര്‍മാരുടെയും സേവനം ഉറപ്പുവരുത്തും. എല്ലാ കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ പന്തല്‍, പ്രകാശ സജ്ജീകരണങ്ങള്‍, കുടിവെള്ളവിതരണം എന്നിവ ഉറപ്പുവരുത്തും. ബലിതര്‍പ്പണത്തിനെത്തുന്ന പൂജാരിമാര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും. സി.സി.ടി.വി ക്യാമറകളും ബയോടോയ്ലറ്റും സ്ഥാപിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും. ആവശ്യമായ വളണ്ടിയർമാരുടെ സേവനം ദുരന്ത നിവാരണ വിഭാഗം ഉറപ്പാക്കും. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ സംഘവും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ് ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!