Search
Close this search box.

പൊന്മുടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

maram.1.2241842

മഴയും കാറ്റും ശക്തമായതിനെ തുടർന്നു പൊന്മുടിയിലെ മൂന്നാം വളവിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. 3 ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. പൊന്മുടിയിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി. രാവിലെ 9 ഓടെ റോഡിനു കുറുകെയാണു മരം വീണത്. തുടർന്നു വിതുരയിൽ നിന്നും ഫയർ ഫോഴ്സ് സംഘമെത്തി മരം മുറിച്ചു നീക്കി. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആർടിസി ബസും കുടുങ്ങി. എന്നാൽ ഇന്നലെ പുലർച്ചെ മുതൽ തന്നെ മഴ ശക്തമായതിനാൽ പൊന്മുടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് എണ്ണത്തിൽ കുറവായിരുന്നതിനാൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇന്നലത്തെ ദിവസം മുഴുവനായി നൂറ്റിയൻപതോളം വാഹനങ്ങൾ മാത്രമേ എത്തിയുള്ളൂ. സാധാരണ തിങ്കളാഴ്ച ദിനങ്ങളിൽ 500 വാഹനങ്ങളെങ്കിലും മല കയറാൻ എത്തുന്നതാണ്. ഞായറാഴ്ച 1785 വാഹനങ്ങൾ പൊന്മുടിയിൽ എത്തിയിരുന്നു. 3.25 ലക്ഷം രൂപ ടിക്കറ്റ് കലക്‌ഷൻ ഇനത്തിൽ വരുമാനവും ലഭിച്ചിരുന്നു.

പൊന്മുടി, കല്ലാർ, പേപ്പാറ, ബോണക്കാട് വനാന്തരങ്ങളിൽ ഇന്നലെ മണിക്കൂറുകളോളം കനത്ത തോതിൽ മഴപെയ്തു.മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ അനവധി മരങ്ങൾ ഒടിഞ്ഞും,കടപുഴകിയും വീണു. വൈദ്യുതി ലൈനുകളും വ്യാപകമായി പൊട്ടി വീണിട്ടുണ്ട്.ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ രാവിലെ ശക്തി പ്രാപിക്കുകയായിരുന്നു.
വനമേഖലകളിൽ മഴ കോരിച്ചൊരിഞ്ഞതിനെ തുടർന്ന് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
വനത്തിൽ നിന്ന് മരങ്ങളും പാറകളും വാമനപുരം നദിയിലേക്ക് ഒഴുകിയെത്തി. വാമനപുരം നദിയിൽ ജലനിരപ്പ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. പൊന്മുടി കല്ലാർ റോഡിൽ രണ്ടിടങ്ങളിൽ നേരിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.നേരത്തേ കനത്ത മഴയെ തുടർന്ന് പൊന്മുടി പന്ത്രണ്ടാംവളവിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇവിടെ ഇപ്പോഴും അപകടാവസ്ഥയാണ്.

മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി ഹെയർപിൻ വളവുകളിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. പൊന്മുടി അപ്പർ സാനിറ്റോറിയത്തിലും ചെക്പോസ്റ്റ്, കുളച്ചിക്കര മേഖലകളിലും മിന്നൽ ഭീഷണിയുമുണ്ട്. പന്ത്രണ്ടാം വളവിലെ അപകടാവസ്ഥ പഴയതു പോലെ തന്നെ തുടരുന്നതിനാൽ ബാരിക്കേട് സ്ഥാപിച്ചു കൊണ്ടു ഗതാഗതം പരിമിതപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണ ഭിത്തിയുടെയും മണ്ണിടിഞ്ഞ ഭാഗത്തേക്കു വാഹനം കടക്കാത്ത വിധമാണു ഇവിടെ ക്രമീകരണം നടത്തിയിരിക്കുന്നത്.

6, 7, 8, 11, 12, 14, 16, 18, 20, 21 വളവുകളിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഇവിടങ്ങളിൽ പലയിടത്തും സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും ചിലയിടത്തു റോഡിലേക്കു മണ്ണ് ഇടിഞ്ഞു വീഴാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ ഭീതിയോ മറ്റു കാലാവസ്ഥാ പ്രശ്നങ്ങളോ ഉണ്ടായാൽ ഏതു സമയവും വിനോദ സഞ്ചാരം നിർത്തി വയ്ക്കാൻ ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പൊന്മുടിയിൽ കലക്ടറുടെ ജാഗ്രതാ നിർദേശം തുടരുകയാണ്. മണ്ണിടിച്ചിലിനു സാധ്യതയാകും എന്നതു മുൻ നിർത്തി ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ സഞ്ചാരം നേരത്തെ നിരോധിച്ചിരുന്നു. വലിയ ബസുകൾ, ലോറികൾ എന്നിവയ്ക്കു പൊന്മുടിയിലേക്കു പ്രവേശനമില്ല. മഴയെ തുടർന്ന് ഗ്രാമീണമേഖലയിലെ റോഡുകളും താറുമാറായി. വ്യാപക കൃഷി നാശവുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!