വർക്കല : നൂതന സാങ്കേതികവിദ്യയുടെ വികസനവും ഉപഭോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കാലാനുസൃതമായ പരിഷ്ക്കാരങ്ങൾ വരുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് സിവിൽ സർവ്വീസിനെ പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കൺവെൻഷൻ വിലയിരുത്തി.
സംസ്ഥാന ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ ജനപക്ഷ സർക്കാരിന് ബാധ്യതയുണ്ടെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. സിന്ധു അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കൺവെൻഷൻ റ്റി.എ മജീദ് സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം. എസ് സുഗൈതകുമാരി മുഖ്യപ്രഭാഷണം നടത്തി. വർക്കല മേഖലാ പ്രസിഡന്റ് അരുൺജിത്ത് എ.ആർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. ബാലകൃഷ്ണൻ, കെ. സുരകുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാ ട്രഷറർ ആർ. സരിത, നോർത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈ.സുൽഫീക്കർ, ജില്ലാ കമ്മിറ്റി അംഗം സുരേഷ്. എസ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ചന്ദ്രബാബു.എസ് സ്വാഗതവും മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ഉഷാകുമാരി കെ.വി നന്ദിയും പറഞ്ഞു.