ചിറയിൻകീഴ്: അഴൂർ പഞ്ചായത്തിലെ കെ കെ വനം മേഖലയിൽ ശുചിത്വ മിഷൻ ആരംഭിക്കാൻ പോകുന്ന കക്കൂസ് മാലിന്യ പ്ലാന്റിന്റെ നിർമ്മാണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഷറഫ് കല്ലറ. ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിൽ സർക്കാർ തുടങ്ങുന്ന മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭത്തിന് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 40 വർഷക്കാലം കളിമണ്ണ് ഖനനം കാരണമുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നാട്ടുകാർ ഇനിയും മുക്തരായിട്ടില്ല. ആ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ശുചിത്വമിഷൻ കക്കൂസ് മാലിന്യ നിർമ്മാണ പ്ലാന്റുമായി കെ കെ വനത്തിലേക്ക് എത്തുന്നത്.13 ഏക്കർ സർക്കാർ ഭൂമിയിൽ നിർമ്മാണം തുടങ്ങാൻ പോകുന്ന സ്ഥലത്തിന് സമീപത്താണ് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വെയിലൂർ സർക്കാർ ഹൈസ്കൂൾ. പദ്ധതി പ്രദേശത്തിന് തൊട്ടടുത്ത് തന്നെയാണ് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നത്. പ്ലാൻറ് വന്നാൽ തൊട്ടടുത്തുള്ള കുളം മലിനമാക്കപെടുകയുംമലിനജലം കഠിനംകുളം കായലിൽ എത്തുകയും ചെയ്യും. പ്രദേശത്തെ വീടുകളിലെ കിണറുകളിലേക്ക് വെള്ളം എത്തുന്നതും ഇവിടെ നിന്നാണ്. സർക്കാർ മാലിന്യ സംസ്കരണ പ്ലാൻറ് ഇവിടെ ആരംഭിക്കാൻ പോകുന്നതിലൂടെ ജനജീവിതം കൂടുതൽ ദുസ്സഹമാകും. ജനങ്ങൾ അതിവസിക്കുന്ന ഈ മേഖലയിൽ ഒരിക്കലും മാലിന്യ സംസ്കരണ പ്ലാൻറ് അനുവദിക്കില്ല. സർക്കാർ അതിൽ നിന്ന് പിന്മാറുന്നത് വരെ അവർക്കൊപ്പം ഉണ്ടാകുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ പ്രസ്താവനയിൽ പറഞ്ഞു.
![](https://attingalvartha.com/wp-content/uploads/2025/01/IMG-20250115-WA0015-300x169.jpg)