Search
Close this search box.

ജനനായകന് ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര

FB_IMG_1689764450875

അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നിറകണ്ണുകളോടെ പെരുമഴയെ പോലും അവഗണിച്ചാണ് റോഡുവക്കില്‍ കാത്തുനില്‍ക്കുന്നത്. ‘ഇല്ലാ ഇല്ലാ മരിക്കില്ലാ’ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. മൃതദേഹം കണ്ട് ചിലര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര 10 കിലോമീറ്റര്‍ പിന്നിടാനെടുത്തത് മൂന്ന് മണിക്കൂറിലേറെ സമയമാണ്. ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവിനെ അവസാനമായി കാണാൻ കുഞ്ഞ് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ റോഡിന്റെ ഇരുവശങ്ങളിലായി നില്‍ക്കുകയാണ്. ഓരോ സ്ഥലത്തും ജനസാഗരമായതിനാല്‍ അതിവേഗമില്ലാതെയാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ് പ്രത്യേകം തയാറാക്കിയ കെഎസ്‌ആര്‍ടിസി ബസില്‍ വിലാപയാത്ര ആരംഭിച്ചത്. വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ പെരുമഴ പോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു.

വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് എത്തിക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!