Search
Close this search box.

19 വർഷത്തിന് ശേഷം മകനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് കല്ലമ്പലം സ്വദേശിനി ശോഭ ..

FB_IMG_1689772756150

കല്ലമ്പലം : 19 വർഷം മുൻപ് നാട് വിട്ട യുവാവ് തിരികെ നാട്ടിലെത്തിയപ്പോൾ അതിന്റെ സന്തോഷത്തിലാണ് അമ്മ ശോഭ. കല്ലമ്പലം നെടുമ്പറമ്പ് കല്ലുവിളവീട്ടിൽ അജയ് ഭാസിയാണ് (37) തിരികെ നാട്ടിലെത്തിയത്. മകൻ്റെ തിരിച്ചുവരവിൽ സന്തോഷവതിയാണ് മാതാവ് ശോഭയും ബന്ധുക്കളും. ഡൽഹിയിലെ പൊതുപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ദീപ ജോസഫിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് അജയ്ക്ക് തിരികെ നാട്ടിലെത്താൻ സഹായകമായത്.

ശോഭയുടെ ഇരട്ടക്കുട്ടികളായിരുന്നു അജയൻ ഭാസിയും (37), വിജയൻ ഭാസിയും. ഇരട്ടകളായ ഇവർ വീട്ടുകാരെ അറിയിക്കാതെ 2003ൽ ലണ്ടനിലേക്ക് പോവുകയായിരുന്നു.വിജയൻ ഭാസി ലണ്ടനിൽ വച്ച് നൈജീരിയൻ യുവതിയെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കി. എന്നാൽ അജയൻ ഭാസി വിസാചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് യു.കെ പൊലീസിന്റെ പിടിയിലായി. തുടർന്ന് ഒരു വർഷത്തോളം അവിടത്തെ ഡിറ്റെൻഷൻ ക്യാമ്പിലായിരുന്നു. ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ അവിടെ നിന്ന് എമർജൻസി പാസ്‌പോർട്ടിൽ ഡൽഹിയിലേക്ക് കയറ്റി വിടുകയായിരുന്നു.

ന്യൂഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ അജയന്റെ കൈയിൽ പാസ്‌പോർട്ടും മുഷിഞ്ഞ തുണികളും മാത്രമാണ് ഉണ്ടായിരുന്നത്. വിശപ്പ് സഹിക്കാൻ വയ്യാതെ കഫെറ്റീരിയയിൽ നിന്ന് ഭക്ഷണം കഴിച്ചു. പണം ഇല്ലാത്തതിനാൽ ജീവനക്കാർ പ്രശ്നം ഉണ്ടാക്കവേയാണ് മലയാളി സാമൂഹ്യപ്രവർത്തക ദീപ ജോസഫിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയുന്ന ചെറുപ്പക്കാരന്റെ പാസ്‌പോർട്ട് പരിശോധിച്ചതിൽ നിന്ന് ഈ മാസം 6ന് യു.കെയിൽ നിന്ന് വന്നതാണെന്ന് മനസിലായി. തുടർന്ന് ദീപ കടയുടമയ്ക്ക് പണം നൽകി. അജയന്റെ ഫോട്ടോ ഉൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത് തിരികെ ജോലിക്ക് പോയി.

ഫേസ്ബുക്ക് പോസ്റ്റിലെ അഡ്രസ് കണ്ടാണ് അജയിനെ നാട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് ദീപ ജോസഫിനെ ബന്ധപ്പെട്ടു. അജയനെ കണ്ടുപിടിക്കാൻ കല്ലുവിള രാജീവ്‌,ഹേലി എന്നിവർ ഡൽഹിയിലേക്ക് പോയി. പാർട്ടി ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ,ഒ.എസ്.അംബിക എം.എൽ.എ എന്നിവർ അജയന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച് നടപടികൾ ഏകോപിപ്പിച്ചു. നോർക്ക,എ.എ.റഹീം എം.പി,ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹിയായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷാജി തുടങ്ങിയവരും ഇടപെട്ടു

ഇതിനിടയിൽ അജയനെ കിട്ടിയെന്നുള്ള പൊലീസ് സന്ദേശം നാട്ടിലെത്തി. വിവരമറിഞ്ഞ് ശോഭ ഡൽഹിയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മകനെ വീണ്ടെടുക്കുകയായിരുന്നു.അജയിയെയും കൊണ്ട് അവർ തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരിയിലെത്തി. ഉച്ചയോടെ കല്ലമ്പലത്തെ വീട്ടിലെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!