ആറ്റിങ്ങൽ: ആറ്റിങ്ങൽ കലാപചരിത്രവും തിരുവിതാംകൂറിലെ ഭരണ സംഘർഷങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന സലിൻ മാങ്കുഴിയുടെ ‘എതിർവാ’ എന്ന നോവലിന്റെ പ്രകാശനവും ചർച്ചയും നടന്നു.
ആറ്റിങ്ങൽ കൊട്ടാരവളപ്പിലെ വിശ്വ മൈത്രി ആഡിറ്റോറിയത്തിൽ മുൻ എം.പി. ഡോ: എ.സമ്പത്ത് അഡ്വക്കേറ്റ് എസ്.പി. ദീപക്കിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. വിഭു പിരപ്പൻകോട് പുസ്തകാവതരണം നടത്തി.
ബ്രട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിതസമരമെന്ന നിലയിൽ ആറ്റിങ്ങൽ കലാപത്തെ അടയാളപ്പെടുത്തുന്ന നോവലിൽ എട്ടുവീട്ടിൽ പിള്ളമാരുടെ തലവൻ കൊടുമൺ പിള്ളയാണ് കേന്ദ്ര കഥാപാത്രം. 1721 മുതൽ 1737 വരെയുള്ള തിരുവിതാംകൂർ ചരിത്രത്തിലെ ഇരുൾമൂടിയ അധ്യായങ്ങളാണ് നോവൽ അനാവരണം ചെയ്യുന്നത്. ആറ്റിങ്ങൽ അഞ്ചുതെങ്ങ്, ചിറയിൻകീഴ് പ്രദേശങ്ങളാണ് നോവലിന്റെ പ്രധാന പശ്ചാത്തലം.
നഗരസഭ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി പ്രമുഖ ചിത്രകാരൻ കെ.പി.മുരളീധരൻ വരച്ച കൊടുമൺ പിള്ളയുടെ ഛായാചിത്രം അനാഛാദനം ചെയ്തു.
ഡോ: എസ്. ഭാസി രാജ്, ഡോ: എം. ദേവകുമാർ, വിജയൻ പാലാഴി, ചാന്നാങ്കര സലിം, സുജ കമല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ചടങ്ങിൽ ആർ. രാമു, ഉണ്ണി , സലിൻ മാങ്കുഴി,അഡ്വ: സി.ജെ. രാജേഷ് കുമാർ,മധു വിശ്വമൈത്രി, പി. ദീപു തുടങ്ങിയവർ പങ്കെടുത്തു.വിവിധ രംഗത്ത് പ്രതിഭ തെളിയിച്ച വക്കം ഷക്കീർ, ഡി.ഉണ്ണികൃഷ്ണൻ, രമ ഉണ്ണികൃഷ്ണൻ, കെ.ജയപാലൻ, ആർ. മോഹന ചന്ദ്രൻ നായർ, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഡി. ജയറാം മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ചിന്ത പബ്ലിഷേഴ്സ് അവതരിപ്പിക്കുന്ന ‘എതിർവാ’ ചരിത്രനോവൽ ആകെ 184 പേജുകളാണ് ഉള്ളത്.