പാലോട്: തിരുവനന്തപുരം – ചെങ്കോട്ട റോഡിൽ പാലോടിനു സമീപം ചിപ്പൻചിറയിൽ നിർമിച്ച പുതിയ പാലം 25ന് വൈകിട്ട് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും. അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ ചെല്ലഞ്ചി പാലവും ഇതേ ദിവസം മന്ത്രി നാടിന‌് സമർപ്പിക്കും. മുൻ എംഎൽഎ കോലിയക്കോട് എൻ കൃഷ്ണൻ നായരുടെ ശ്രമഫലമായി 2015- ലാണ് ചിപ്പൻചിറ പാലംപണി തുടങ്ങിയത‌്. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഡി കെ മുരളി എംഎൽഎയുടെ നേതൃത്വത്തിലാണ‌് പണി പൂർത്തിയാക്കിയത‌്. 6.97 കോടി രൂപയാണ് ആകെ നിർമാണചെലവ്. എൽബിഎസ് ശാസ്ത്ര സാങ്കേതിക കേന്ദ്രം രൂപകൽപ്പന ചെയ്ത ഈ പാലത്തിന് 17 മീറ്റർ വീതം നീളമുള്ള 3 സ്പാനുകളിലായി മൊത്തം 51 മീറ്റർ നീളമുണ്ട്. ഓപ്പൺ ഫൗണ്ടേഷൻ, കോൺക്രീറ്റ് പിയറുകൾ, ആർസിസി ബീം, സ്ലാബ് എന്നിവ ചേർന്നതാണ് ഇതിന്റെ ഘടന. പാലത്തിന് ഇരുവശത്തും 250 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്.
പാലം പണി ദ്രുതഗതിയിലാക്കുന്നതിനും പൂർത്തീകരിക്കുന്നതിനും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിരന്തരമായി ഇടപെട്ടു. തിരുവനന്തപുരം ചെങ്കോട്ട റോഡിലെ നിലവിലുള്ള ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും സമീപപ്രദേശങ്ങളായ പെരിങ്ങമ്മല, പാങ്ങോട്, കല്ലറ, നന്ദിയോട് നിവാസികൾക്ക് ഏറെ പ്രയോജനപ്രദവുമാണ് ഈ പാലം.