മടവൂർ: മടവൂർ ചന്തയിൽ സൗകര്യങ്ങളോടുകൂടിയ വില്പനകേന്ദ്രം നിർമിച്ചിട്ടും മത്സ്യക്കച്ചവടം നടുറോഡിൽ. പണി പൂർത്തീകരിച്ച കട കച്ചവടക്കാർക്കുവേണ്ടി തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. സാങ്കേതിക കാരണങ്ങളാൽ കടയുടെ ഉദ്ഘാടനം വൈകുന്നതിനാലാണ് തുറക്കാത്ത എന്ന് അധികൃതർ പറയുന്നു. വർക്കല കഹാർ എം.എൽ.എ.യായിരുന്നപ്പോൾ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിട്ടാണ് ചന്തയ്ക്കുള്ളിൽ കട നിർമിച്ചത്. ഇതിനുള്ളിൽ ലൈറ്റുകളും ഫാനുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, വൈദ്യുതികണക്‌ഷൻ കിട്ടിയിട്ടില്ല.
ചന്തയിലേക്ക് കയറുന്ന റോഡിലാണ് മീൻകച്ചവടം നടക്കുന്നത്. ചന്ത നേരത്ത് വാഹനങ്ങളിൽ കൊണ്ടുവരുന്ന മീനും ഇവിടെ ഇറക്കിെവച്ച് കച്ചവടം ചെയ്യും. അല്ലാത്തപ്പോൾ റോഡിനിരുവശവും കച്ചവടക്കാർ കുടപിടിച്ചിരുന്ന് മീൻ വിൽക്കും.സ്റ്റാൾ ഉദ്ഘാടനം ചെയ്യാനുള്ള നടപടിക്രമങ്ങൾ വൈകുന്നതിനു പിന്നിൽ രാഷ്ട്രീയകാരണങ്ങളുണ്ടെന്ന് ആരോപണമുണ്ട്.