കടയ്ക്കാവൂർ : ഇന്ന് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം കാണാൻ ടീവിക്ക് മുൻപിൽ ഇരുന്നവർക്ക് വവ്വാൽ പണി കൊടുത്തു. കടയ്ക്കാവൂർ സെക്ഷന് കീഴിലുള്ളവർക്കാണ് പണി കിട്ടിയത്. വൈകുന്നേരം 7:55നു പോയ കറന്റ് 8:55നാണു വന്നത്. അതോടെ കളിയുടെ നല്ലൊരു ഭാഗം നഷ്ടമായ ക്രിക്കറ്റ് പ്രേമികൾ ബഹളം വെക്കാൻ തുടങ്ങി. കടയ്ക്കാവൂർ സെക്ഷന് കീഴിൽ ചിറയിൻകീഴിലും അഞ്ചുതെങ്ങിലും എവിടെയും ഇരുട്ട് മാത്രമായി. ആദ്യം എല്ലാവരും അര മണിക്കൂർ ലോഡ് ഷെഡിങ് ആണെന്ന് കരുതി. എന്നാൽ അര മണിക്കൂർ കഴിഞ്ഞിട്ടും കറന്റ് വരാതായതോടെ ആളുകൾ വൈദ്യുതി ഓഫിസിലേക്ക് വിളി തുടങ്ങി. ഒടുവിൽ 8:55നു കറന്റ് തിരിച്ചു വന്നു. ഇന്ന് ഞായറാഴ്ച ആയത് കൊണ്ട് ലോഡ് ഷെഡിങ് ഇല്ല എന്നും 33കെവി ലൈനിൽ വവ്വാൽ തട്ടിയതാണ് വൈദ്യുതി മുടങ്ങിയതെന്നും എ. ഇ അറിയിച്ചു.