വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പൊതുജനങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ വിശ്രമ കേന്ദ്രമൊരുക്കി നെല്ലനാട് ഗ്രാമപഞ്ചായത്ത്. ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിർമിച്ച ആധുനിക വിശ്രമ കേന്ദ്രം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 27 ലക്ഷം രൂപ ചെലവാക്കി ആധുനിക ശൗചാലയവും കഫ്റ്റീരിയയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ടേക് എ ബ്രേക്ക് പദ്ധതിയിൽ നെല്ലനാട് പഞ്ചായത്ത് നിർമിച്ചത്. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
വിശ്രമകേന്ദ്രം വൃത്തിയായി സൂക്ഷിക്കേണ്ടത് അത് ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും പുതുമയോടെ തന്നെ അവ നിലനിർത്തണമെന്നും എം.എൽ.എ പറഞ്ഞു. വിശ്രമകേന്ദ്രത്തിന്റെ പൂർത്തീകരണത്തിന് സഹകരിച്ച കെ.എസ്.ആർ.ടിസിക്കും നെല്ലനാട് ഗ്രാമപഞ്ചായത്തിനും എം.എൽ.എ നന്ദി പറഞ്ഞു. ഭിന്നശേഷി സൗഹൃദമാണ് ശുചിമുറികൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, മുലയൂട്ടൽ മുറി എന്നിവയാണ് ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റിനാണ് സംരക്ഷണ ചുമതല. പേ ആൻഡ് യൂസ് മാതൃകയിലാണ് പ്രവർത്തനം.
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന പരിപാടിയിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, ജില്ലാ പഞ്ചായത്തംഗം ഷീലാകുമാരി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, നെല്ലനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോയ്കുമാർ എന്നിവരും പങ്കെടുത്തു