മടവൂർ : ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസികമായ ദണ്ഡി യാത്രയെ പുനരാവിഷ്കരിച്ച് മടവൂർ ഗവ. എൽ .പി . എസ്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് വർക്കല പാപനാശം ബീച്ചിൽ എത്തി കുട്ടികൾ ഉപ്പു കുറുക്കി ദണ്ഡി യാത്രയെ പുനരാവിഷ്കരിച്ചത്.
സ്വാതന്ത്ര്യ സമര സേനാനികൾ ആയി വേഷമിട്ടത്തിയവരെ ‘ബ്രിട്ടീഷ് പട്ടാളം’ ഉപരോധിച്ചപ്പോൾ ഗാന്ധിജിയുടെ ചരിത്രപ്രസക്തമായ വാക്കുകൾ ബീച്ചിൽ മുഴങ്ങി.
“ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്.ഉപ്പു പിടിച്ച ഈ മുഷ്ടി തകർത്തേക്കാം. എന്നാലും ഈ ഉപ്പ് വിട്ടുകൊടുക്കില്ല”
ബീച്ചിലെത്തിയ വിദേശികളായ ടൂറിസ്റ്റുകൾക്ക് കുട്ടികളുടെ അവതരണങ്ങൾ കൗതുകമായി. റോഡിന്റെ ഇരുവശങ്ങളിലുമുള്ളവർ വിവിധ സ്ഥലങ്ങളിൽ വച്ച് പദയാത്രക്ക് സ്വീകരണം നല്കി.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടുള്ള 76 ഉജ്ജ്വല മുഹൂർത്തങ്ങളുടെ പ്ലക്കാർഡുകൾ കുട്ടികൾ പ്രദർശിപ്പിച്ചു.
നാലാം ക്ലാസിലെ പരിസരപഠന പാഠപുസ്തകത്തിലെ ‘സ്വാതന്ത്ര്യത്തിലേക്ക് ‘എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ദണ്ഡിയാത്രയെ പുനരാവിഷ്കരിച്ചത്.
‘നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന ബാനറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷംവർക്കല സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അഭിഷേക് എസ് ഉദ്ഘാടനം ചെയ്തു.
അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്ന ‘വിദ്യാലയം ഒരു സാംസ്കാരിക കേന്ദ്രം’ എന്ന മിഷനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അടിമത്തം പുതിയ രൂപഭാവങ്ങളോടെ നമ്മെ കീഴ്പ്പെടുത്തുമ്പോൾ , സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏടുകൾ ഒരു വായനാസാമഗ്രി എന്നതിനപ്പുറം കുട്ടികൾക്ക് വൈകാരിക അനുഭവം ആയി മാറണം എന്ന കാഴ്ചപ്പാടിലാണ് വിദ്യാലയം ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് സ്വാഗതം ആശംസിച്ച പ്രഥമാധ്യാപകൻ എസ്. അശോകൻ പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് സജിത്ത് മടവൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം.പി.ടി.എ പ്രസിഡന്റ് ആരതി കൃഷ്ണ നന്ദി പറഞ്ഞു.