കുടുംബശ്രീ യൂണിറ്റുകളെ കൃഷിക്കൂട്ടങ്ങളാക്കി തിരിച്ച് വിവിധ ഉത്പന്നങ്ങൾ കൃഷി ചെയ്യാൻ സാധിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവൽ 2023 മേളയിലെ ‘കേരളത്തിന്റെ കാർഷിക കാഴ്ചപ്പാടുകൾ ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയെ കുറിച്ചുള്ള അടിസ്ഥാന വിദ്യാഭ്യാസവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കൃഷി ഒരിക്കലും നഷ്ടമാകില്ല. കാർഷിക വിളകൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ കർഷകരിൽ ഉണ്ടാകണം. ആരോഗ്യം, ആദായം, ആനന്ദം ഇവ മൂന്നും നൽകാൻ കൃഷിക്ക് സാധിക്കും എന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച സുജിത്തിനെ മന്ത്രി ആദരിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങിന് ആശംസകൾ അറിയിച്ചു. കരകുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു