വെള്ളനാട്: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനാണ് കൈക്കൂലി വാങ്ങിയത്. അപേക്ഷകയായ സ്ത്രീയിൽ നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഗോപകുമാര്‍ പിടിയിലായത്.
വെള്ളനാട് മുണ്ടേല സ്വദേശിനിയും, കാൻസർ രോഗിയുമായ സ്ത്രീക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ വീട് വെക്കുന്നതിനായി വസ്തുവിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി ബന്ധുവായ പരാതിക്കാരന്‍ കഴിഞ്ഞമാസം വെള്ളനാട് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. നാളിതുവരെയും യാതൊരു നടപടികളുംഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരൻ ഇക്കഴിഞ്ഞ ദിവസം വെള്ളനാട്പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറിനെ കണ്ടു വിവരം അന്വേഷിച്ചപ്പോൾ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
കൈക്കൂലി നൽകിയാൽ ഇന്ന് സ്ഥലപരിശോധന നടത്താമെന്ന് പരാതിക്കാരനെ അറിയിച്ചു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഡി.വൈ.എസ്.പി .അനിൽകുമാറിനെ അറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് വൈകീട്ട് 6.15 ഓടെയാണ് പഞ്ചായത്ത് സെക്രട്ടറി സ്ഥലപരിശോധന നടത്തിയ ശേഷം 10,000 കൈക്കൂലി വാങ്ങി വാഹനത്തിൽ വെച്ച് ഓടിച്ച് പോകവേ വിജിലന്‍സ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്.