എസ്.സി / എസ്.റ്റി സ്‌പെഷ്യൽ കോടതി നെടുമങ്ങാട് പ്രവർത്തനം തുടങ്ങി

IMG-20230824-WA0005

തിരുവനന്തപുരം ജില്ല മുഴുവൻ അധികാര പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് നെടുമങ്ങാട് പുതിയതായി അനുവദിച്ച എസ്.സി /എസ്.റ്റി (പിഒഎ ആക്ട്) സ്‌പെഷ്യൽ കോടതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം ലഭ്യമാക്കുന്നതിന് സ്‌പെഷ്യൽ കോടതി നിലവിൽ വരുന്നത്തോടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

സബ് കോടതി, രണ്ട് മജിസ്‌ട്രേട്ട് കോടതി, രണ്ട് മുൻസിഫ് കോടതി, ജില്ലാ കുടുംബ കോടതി, ജില്ലാ വനം കോടതി, പോക്‌സോ കോടതി എന്നിങ്ങനെ നിലവിൽ നെടുമങ്ങാട് പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒൻപത് കോടതികളും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കെട്ടിടത്തിലാണ് നിലവിൽ സ്‌പെഷ്യൽ കോടതി പ്രവർത്തിക്കുക. ജില്ലയിലെ എസ്.സി, എസ്.റ്റി വിഭാഗങ്ങൾ വാദിയായോ പ്രതിയായോ ചേർക്കപ്പെട്ടിട്ടുള്ള മുഴുവൻ കേസുകളിലേയും വിചാരണ സ്‌പെഷ്യൽ കോടതിയിലാകും നടക്കുക. അറുന്നൂറ്റിനാൽപതോളം കേസുകൾ ഇതിനകം കോടതിയുടെ പരിഗണനയിലാക്കിയിട്ടുണ്ട്. പോക്‌സോ കോടതി ജഡ്ജിയായി സ്ഥാനം വഹിച്ചിരുന്ന സുധീഷ് കുമാർ സ്‌പെഷ്യൽ കോടതി ജഡ്ജിയാകും.

പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി ജഡ്ജി പി.വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സി.എസ് ശ്രീജ, നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് കോലിയക്കോട് സി.ഒ മോഹൻകുമാർ, നെടുമങ്ങാട് കുടുംബ കോടതി ജഡ്ജി കെ.പി സുനിൽ , ബാർ അസോസിയേഷൻ സെക്രട്ടറി എം. തുളസീദാസ് എന്നിവരും പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!