ആധുനിക കേരളത്തിന്റെ സാംസ്ക്കാരിക അടിത്തറ ഗുരുദേവ ദർശനങ്ങളാണെന്നും അവ കേരള സമൂഹത്തിന്റെ പൊതുസ്വത്താണെന്നും കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.
ടൂറിസംവാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്നഅഞ്ചുതെങ്ങ് ജലോൽസവത്തോനുബന്ധിച്ച് ചതയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ഗുരുദേവ ചിന്തയും കേരള സംസ്ക്കാരവും” എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൗതിക ജീവിതസമൃദ്ധിയിലൂടെ ആത്മീയസംതൃപ്തിയെ കണ്ടെത്തിയ യോഗിവര്യനായിരുന്നു ഗുരുദേവൻ. ലളിതവും സരളവുമായ വാക്കുകളിൽ അദ്ദേഹം പകർന്നു നൽകിയ ചിന്തകൾ ലോകത്തിനാകെ മാതൃകയാണ്. അയലു തഴപ്പതിന് അതി പ്രയത്നം ഓരോ മനുഷ്യന്റെയും കടമയാണെന്നദ്ദേഹം ഓർമ്മപ്പെടുത്തി.അതുവഴി സമൂഹത്തിൽ പരസ്പര സ്നേഹത്തിന്റെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെയും വഴി തെളിക്കുകയാണ് ഗുരു ചെയ്തത്. കാലത്തിനപ്പുറത്തേക്ക് ഗുരുദേവ ചിന്തകൾശക്തമായി നിലകൊള്ളുന്നതിന്റെ കാരണവും അതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ സൈജു രാജ് അധ്യക്ഷനായി. കൺവീനർ സിന്റിൽ എം.സ്വാഗതവും കാഥികൻ കായിക്കര വിപിൻചന്ദ്രപാൽ നന്ദിയും രേഖപ്പെടുത്തി.