
“ക്ലാസ് എടുത്തിട്ട് മതിയായില്ല സാർ. ഒരു പിരീഡ് കൂടി ഞാനെടുത്തോട്ടെ.?”
ചോദ്യം ഏഴാം ക്ലാസ് വിദ്യാർത്ഥിനി മൈത്രിയുടേതാണ്. “ഇനി പിരീഡ് ഒഴിവില്ലല്ലോ ടീച്ചർ. എല്ലാവർക്കും അവസരം കൊടുക്കണ്ടെ?” ഹെഡ്മാസ്റ്റർ ഏഴാം ക്ലാസിലെ തന്നെ വിദ്യാർത്ഥിയായ നീരജ് കൃഷണൻ്റെ ഗൗരവം വിടാതുള്ള മറുപടി. ക്ലാസെടുക്കാൻ അവസരം കാത്തു നിൽക്കുന്നത് ഇരുപത്തി ഒന്നു പേരാണ്.
കാരേറ്റ് ദേവസ്വം ബോർഡ് സ്കൂളിലാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. അദ്ധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഒരു ദിവസത്തെ അധ്യാപന ചുമതല നൽകാൻ തീരുമാനമെടുത്തത് സ്കൂൾ എസ്.ആർ.ജി യിലാണ്. താൽപര്യമുള്ളവർ തയ്യാറായി വരാൻ ക്ലാസുകളിൽ അറിയിപ്പു കൊടുത്തു. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ ടീച്ചിംഗ് നോട്ടും തയ്യാറാക്കി ക്ലാസെടുക്കാൻ തയ്യാറായി സ്കൂളിലെത്തി.
മുതിർന്ന അധ്യാപകരെ മാതൃകയാക്കി അറ്റൻ്റൻസ് ബുക്കും വൈറ്റ് ബോർഡ് മാർക്കർ പേനയും പഠനോപകരണങ്ങളുമായി ക്ലാസുകളിലേക്ക്. ഇടക്ക് ക്ലാസുകൾ മോണിട്ടർ ചെയ്യാൻ ഹെഡ്മാസ്റ്ററുടെ സന്ദർശനവും. മികച്ച രീതിയിൽ ക്ലാസുകളെടുക്കാൻ കുട്ടി അധ്യാപകർക്ക് കഴിഞ്ഞുവെന്ന് ടീച്ചേഴ്സ് സാക്ഷൃപ്പെടുത്തുന്നു.
അദ്ധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി റിട്ടയർ ചെയ്ത അധ്യാപകരായ ഡി.സുഗന്ധി, ഇന്ദിരാമണി എന്നിവരെ കുട്ടികളും അധ്യാപകരും ചേർന്ന് വീടുകളിലെത്തി ആദരിച്ചു. ഹെഡ്മിസ്ട്രസ്സ് ആർ.എസ്.കവിത, സീനിയർ അസിസ്റ്റൻ്റ് ഐ.വി. ബീന, എന്നിവർ നേതൃത്വം നൽകി. ആശംസാ കാർഡ് നിർമ്മാണം, കവിതാ രചന തുടങ്ങിയവയും സംഘടിപ്പിച്ചു.



