ആറ്റിങ്ങൽ : തട്ടുകടയിൽ വെച്ചുണ്ടായ ചെറിയ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയും അറസ്റ്റിൽ. ആറ്റിങ്ങൽ വെള്ളൂർക്കോണം പണയിൽ വീട്ടിൽ പക്രു എന്ന് വിളിക്കുന്ന നിതിനെ(24)യാണ് ആറ്റിങ്ങൽ പോലീസ് സംഘം പരവൂർ ഭൂതക്കുളത്ത് നിന്ന് പിടികൂടിയത്. കേസിലെ രണ്ടാം പ്രതി
കരവാരം ചരുവിള പുത്തൻ വീട്ടിൽ തക്കു എന്ന മോനൂട്ടനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ദേശീയപാതയ്ക്ക് അരികിൽ ആറ്റിങ്ങൽ ഐടിഐക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോമാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം.
കടയിലെ ജീവനക്കാരൻ ആറ്റിങ്ങൽ സ്വദേശി നിതിൻ (21) കളക്ഷൻ തുകയായ 5000 ത്തോളം രൂപയുമായി കടയുടെ മുന്നിൽ നിൽക്കുമ്പോൾ ഒന്നാം പ്രതി നിതിനും രണ്ടാം പ്രതി തക്കുവും വന്ന് ഉടമയെ തിരക്കുകയും ജീവനക്കാരനായ നിതിൻറെ കയ്യിൽ ഇരുന്ന പണം പിടിച്ചു പറിച്ച ശേഷം നിതിനെ അടിച്ചിടുകയും ചെയ്തു. ശേഷം പണം പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ചതിനു സ്ഥാപന ഉടമ ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി സുജിത്തിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും കൈയ്ക്ക് വെട്ടേറ്റു മാരകമായി പരിക്കേൽക്കുകയും ചെയ്തു.
ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ പ്രതികൾ വെട്ടുകത്തി വീശി നാട്ടുകാരെ ഭീതിയിലാക്കി ഓടി രക്ഷപെടുകയായിരുന്നു. അന്നേ ദിവസം രാത്രി 8അര മണിയോടെ പ്രതികളും വെട്ടേറ്റ സുജിത്തും തമ്മിൽ സമീപത്തെ തട്ടുകടയിൽ വെച്ച് വാക്കുതർക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഇതിൽ വൈരാഗ്യം തോന്നിയ നിതിൻ കടയിലെത്തി ആക്രമണം നടത്തുകയായിരുന്നു. പ്രതി ലഹരി ഉപയോഗിക്കുന്നയാളാണെന്നും 10ഓളം കേസുകളിലെ പ്രതിയാണെന്നും പോലീസ് പറയുന്നു. വെട്ടാൻ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു.
ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ .ടിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മുരളീകൃഷ്ണൻ, ആറ്റിങ്ങൽ എസ്ഐ അഭിലാഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.