കിളിമാനൂരിൽ കള്ളനോട്ടുമായി 60കാരൻ പിടിയിൽ. കണ്ണൂർ നടക്കാവ് സ്വദേശി അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടുന്നത്.നാട്ടുകാർ പിടികൂടി തടഞ്ഞു നിർത്തിയതിന് ശേഷം പോലീസിന് കൈമാറുകയായിരുന്നു. കിളിമാനൂർ തൊളിക്കുഴിയിലാണ് സംഭവം. ആരോ തനിക്ക് നൽകിയതെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.കാറിലെത്തിയ മധ്യവയസ്കൻ തൊളിക്കുഴി മിഷ്യൻകുന്നിലെ കടകളിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം 500 രൂപയുടെ നോട്ട് നൽകുകയും ബാക്കി വാങ്ങിയ ശേഷം കാറിൽ കയറി പോകാൻ ഒരുങ്ങുമ്പോൾ
കച്ചവടക്കാർക്കു നൽകിയ നോട്ടിൽ സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ തടഞ്ഞുവച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചതിൽ നിന്ന് ഇയാളുടെ പക്കൽ നിന്നും 500 രൂപയുടെ 17 കള്ളനോട്ടുകളും, വ്യാജ നോട്ടുകൾ വിനിമയം ചെയ്ത് കിട്ടിയ അസൽ നോട്ടുകളും, മൊബൈൽ ഫോണും കണ്ടെടുത്തു. പിടിയിലായ പ്രതി സംസ്ഥാനത്തെ നിരവധി കള്ളനോട്ടു കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് എസ് എച്ച് ഒ ബി.ജയൻ , സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.