ആറ്റിങ്ങൽ: ടൗൺ യുപി സ്കൂളിന്റെ പാചകപ്പുര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ വൻ ക്രമക്കേടു പൊതുമരാമത്ത് വിഭാഗം ഓവർസീയറായ ശ്രീജിത്ത് കണ്ടെത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് കരാറുകാരൻ ഇയാളെ മർദ്ദിച്ചതെന്ന് പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങളിൽ ചേർക്കേണ്ട മണൽ, മെറ്റൽ, സിമന്റ് എന്നിവ കൃത്യമായ അളവിൽ ചേർക്കാൻ കരാറുകാരൻ തയ്യാറായില്ല. താൽക്കാലികമായി പണി നിർത്തിവെയ്ക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ കരാറുകാരനായ അജിത്ത് ശ്രീജിത്തിനെ തറയിലേക്ക് തള്ളിയിട്ട ശേഷം അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഉദ്യോഗസ്ഥന്റെ മുഖത്തും നെഞ്ചിലും കൈക്കും മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിൽസക്കെത്തിയ ശ്രീജിത്തിനെ ഡോക്ടറുടെ നിർദേശപ്രകാരം അഡ്മിറ്റു ചെയ്തു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം വരുത്തിയതിലും ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തതിനും എതിരെ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.
ഈ മാസം 30 ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കവെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കോൺട്രാക്ടറുടെ കാടത്തപരമായ സമീപനത്തിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനയായ എൻ.ജി.ഒ യൂണിയൻ നഗരസഭാങ്കണത്തിൽ പ്രതിഷേധം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അർച്ചന, ജില്ലാ കമ്മറ്റി അംഗം രാജൻ, ഏരിയ സെക്രട്ടറി പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺട്രാക്ടറെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അയോഗ്യമാക്കണമെന്നും യൂണിയൻ നേതൃത്വം ആവശ്യപ്പെട്ടു.