മംഗലപുരത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മംഗലപുരം തലക്കോണം ഷെമീർ മൻസിലിൽ ഷെഹിൻ (28) ആണ് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് വരുന്ന വഴി ടെക്‌നോസിറ്റിക്ക് സമീപം കാരമൂട് വച്ചു പന്നിക്കൂട്ടം ഷെഹിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 2023 ഡിസംബർ ഏഴിന് ഷെഹിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2010ൽ ടെക്‌നോപാർക്ക് ടെക്‌നോസിറ്റിക്ക് ഏറ്റെടുത്ത നൂറുകണക്കിന് ഏക്കർ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതോടെ കാട്ടുപന്നികൾ പെറ്റു പെരുകി. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കുകയും കാരമൂട് സിആർപി റോഡിലും നാഷണൽ ഹൈവേയിലും പന്നികൾ കൂട്ടമായി ഇറങ്ങി നിരവധി ബൈക്ക് യാത്രകാർക്ക് പരിക്കേറ്റിട്ടുണ്ട്.