സമഗ്ര ശിക്ഷാ കേരളം ആറ്റിങ്ങൽ ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികളുടെ ഏകദിന സംഗമം ‘ ഉയരെ 2023’ മണനാക്ക് റോയൽ കാസ്‌ലെ റിസോർട്ടിൽ വച്ച് നടന്നു. ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ.എസ് അംബിക ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് നഹാസ് അധ്യക്ഷനായ യോഗത്തിൽ എസ് എസ് കെ ജില്ല പ്രോജക്ട് കോഡിനേറ്റർ ജവാദ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജയന്തി, വാർഡ് മെമ്പർ സോഫിയ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് ചെയർമാൻ വിനയ് എന്നിവർ സംസാരിച്ചു.
ആറ്റിങ്ങൽ ബി ആർ സി ബിപിസി വിനു എസ് പ്രോഗ്രാമിന് സ്വാഗതവും ട്രെയിനർ ലീന എസ് എൽ നന്ദിയും പറഞ്ഞു.
കേരളത്തിൻറെ തനത് കലയായ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളും വിശിഷ്ടാതിഥികളും റിസോർട്ടിൽഎത്തിയത്30 കുട്ടികളും അവരുടെ രക്ഷിതാക്കളും എസ് എസ് കെ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്ത ഉയരെ പ്രോഗ്രാമിൽ കുട്ടികളും രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു.
വീടിനുള്ളിൽ കഴിയുന്ന കുട്ടികൾക്ക് ഇത്തരത്തിൽ കായൽ കാഴ്ചകൾ കാണാനും ഒരു പകൽ സന്തോഷത്തോടെ കഴിച്ചു കൂട്ടാനും അവസരം ഒരുക്കിയ എസ് എസ് കെ യുടെ തീരുമാനത്തെ കുറിച്ച് രക്ഷിതാക്കളും ജനപ്രതിനിധികളും നല്ല അഭിപ്രായമാണ് പറഞ്ഞത്.
പങ്കെടുത്ത എല്ലാ കുട്ടികൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റും ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, പഠനോപകരണങ്ങൾ എന്നിവ അടങ്ങുന്ന കിറ്റും നൽകി.
രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4.00 മണിവരെ ദന്തൽ ക്യാമ്പ്, മോട്ടിവേഷൻ ക്ലാസ്സ്, കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ, ഇടയ്ക്കൊട് ജിഎൽപിഎസ് പ്രഥമ അധ്യാപകൻ ജയകുമാരൻ ആശാരി അവതരിപ്പിച്ച നാടൻ പാട്ട് എന്നിവ പരിപാടിക്ക് മുതൽക്കൂട്ടായി . തുടർന്ന് കുട്ടികൾക്ക് കായൽ കാഴ്ചകൾ കാണാനുള്ള അവസരം ഒരുക്കി.